റിമി ടോമിയെ ഫോണില്‍ വിളിച്ച് മൊഴിയെടുത്തത് പൊലീസിന്റെ തന്ത്രം?: ‘വോയ്‌സ് ടെസ്‌റ്റെന്ന്’ റിപ്പോര്‍ട്ടുകള്‍

single-img
27 July 2017

കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഗായികയും നടിയുമായ റിമി ടോമിയെ അന്വേഷണ സംഘം ഫോണില്‍ വിളിച്ച് മൊഴിയെടുത്തത് പൊലീസിന്റെ തന്ത്രമെന്ന് റിപ്പോര്‍ട്ടുകള്‍. സംശയമുള്ള മറ്റ് പലരെയും നേരിട്ട് വിളിച്ച് ചോദ്യംചെയ്തപ്പോള്‍ റിമിയെ ഫോണില്‍ വിളിച്ചാണ് മൊഴിയെടുത്തത്. ഇത് വോയ്‌സ് ടെസ്റ്റിനുള്ള സാമ്പിള്‍ ശേഖരിക്കുന്നതിന് വേണ്ടിയായിരുന്നു എന്നാണ് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദിലീപിന്റേയും ഭാര്യ കാവ്യാ മാധവന്റേയും അടുത്ത സുഹൃത്ത് കൂടിയായ റിമിയുടെ നീക്കങ്ങളില്‍ ആദ്യം മുതല്‍ തന്നെ പൊലീസിനു സംശയമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ദിലീപിനെയും കാവ്യയെയും ചോദ്യം ചെയ്യാതെ താരത്തെ ചോദ്യം ചെയ്തിട്ടു കാര്യമില്ലാത്ത സാഹചര്യത്തിലാണ് റിമിയുടെ ചോദ്യം ചെയ്യല്‍ പൊലീസ് വൈകിപ്പിച്ചത്. നേരത്തെ തന്നെ റിമിയുടെ സാമ്പത്തിക ഇടപാടുകള്‍ പൊലീസ് രഹസ്യമായി പരിശോധിച്ചിരുന്നു.

തനിക്ക് ദിലീപുമായി ബിസിനസ് പാര്‍ട്‌നര്‍ഷിപ്പോ ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടോ ഇല്ലെന്ന് അന്വേഷണ സംഘം ഫോണില്‍ വിളിച്ച് മൊഴിയെടുത്ത ശേഷം റിമി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സാമ്പത്തിക ഇടപാടുണ്ടെങ്കില്‍ ആദായനികുതി വകുപ്പ് കണ്ടെത്തിയേനെ. രണ്ടു കൊല്ലം മുന്‍പ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതിനെത്തുടര്‍ന്ന് കുറച്ചു നികുതി അടയ്‌ക്കേണ്ടി വന്നു. അതേയുണ്ടായിട്ടുള്ളൂ. അല്ലാതെ തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം വരികയോ മറ്റോ ചെയ്തിട്ടില്ല.

2010ലും 2017ലും താരങ്ങള്‍ യുഎസില്‍ നടത്തിയ പരിപാടിയില്‍ താനും ഉണ്ടായിരുന്നു. അതേക്കുറിച്ചും ഷോയില്‍ ആരൊക്കെയുണ്ടായിരുന്നുവെന്നും തുടങ്ങിയ കാര്യങ്ങളാണു പൊലീസ് ചോദിച്ചത് എന്ന് റിമി പറഞ്ഞു. തനിക്കു വിദേശയാത്ര ചെയ്യുന്നതിനോ മറ്റോ യാതൊരു തടസ്സവുമില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ടെന്നും റിമി വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട വിവരം ടിവി ചാനലുകളില്‍നിന്നാണ് അറിയുന്നത്. അറിഞ്ഞയുടനെ കാവ്യമാധവനെ ഫോണ്‍ ചെയ്തിരുന്നു. ഇരയായ പെണ്‍കുട്ടിക്കു മെസേജ് അയച്ചു. താനും ആ പെണ്‍കുട്ടിയും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. അത്തരം വാര്‍ത്തകള്‍ തെറ്റാണ്. പിന്നീട് വിഷയത്തില്‍ രമ്യയുമായും സംസാരിച്ചിരുന്നുവെന്നും റിമി പറഞ്ഞു.