നിതീഷ് അവസരവാദിയായ നേതാവെന്ന് രാഹുല്‍ ഗാന്ധി: ‘രാജി വയ്ക്കുമെന്ന് അറിയാമായിരുന്നു’

single-img
27 July 2017

ന്യൂഡല്‍ഹി: ബിഹാറില്‍ മഹാസഖ്യം വിട്ട് ബി.ജെ.പിക്ക് ഒപ്പം ചേര്‍ന്ന നിതീഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധികാരത്തിനും സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കും വേണ്ടിയാണ് നിതീഷ് കുമാര്‍ നിലപാടുകളില്‍ മാറ്റം വരുത്തി ബി.ജെ.പിക്ക് ഒപ്പം ചേര്‍ന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

നിതീഷ് കുമാര്‍ നടത്തിയ ഗൂഢാലോചനയെക്കുറിച്ച് നേരത്തെ അറിയാമായിരുന്നെന്നും കഴിഞ്ഞ മൂന്ന് നാല് മാസമായി സഖ്യത്തില്‍ നിന്ന് പുറത്തുചാടാന്‍ നിതീഷ് കുമാര്‍ ശ്രമിച്ചുവരികയായിരുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഷ്ട്രീയത്തില്‍ മറ്റുള്ളവരുടെ മനസ്സില്‍ എന്താണെന്ന് അറിയേണ്ടതുണ്ട്. തനിക്ക് അക്കാര്യം അറിയാമായിരുന്നെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ഇന്നലെ വൈകുന്നേരമാണ് ബി.ജെ.പി.ക്കെതിരായ പ്രതിപക്ഷ ഐക്യത്തിന്റെ പ്രതീകമായി ഉയര്‍ന്നുവന്ന ബിഹാറിലെ മഹാസഖ്യം തകര്‍ന്നത്. സഖ്യവുമായി മുന്നോട്ടുപോകാനാവില്ലെന്നും രാജിവെക്കുകയാണെന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിക്കുകയായിരുന്നു.

സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ പ്രതിയായ ഉപമുഖ്യമന്ത്രിയും ആര്‍.ജെ.ഡി. അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ് രാജിവെക്കണമെന്ന നിലപാട് സഖ്യകക്ഷിയായ ആര്‍.ജെ.ഡി. പരസ്യമായി തള്ളിയതിന് പിന്നാലെയായിരുന്നു നിതീഷിന്റെ രാജി.