നിതീഷ് കുമാറിന്റെ തീരുമാനം ഞെട്ടിച്ചുവെന്ന് എം പി വീരേന്ദ്രകുമാര്‍: ‘രാജ്യസഭാംഗത്വം രാജിവെക്കാനും തയ്യാര്‍’

single-img
27 July 2017

ബീഹാറില്‍ മഹാസഖ്യത്തെ വഞ്ചിച്ച് ബിജെപിയുമായി കൂട്ടുചേര്‍ന്ന നിതീഷ്‌കുമാറിന്റെ നീക്കം ഞെട്ടിച്ചുവെന്ന് ജനതാദള്‍ യുണൈറ്റഡ് സംസ്ഥാന പ്രസിഡന്റും രാജ്യസഭാംഗവുമായ എംപി വീരേന്ദ്രകുമാര്‍. നീതിഷിന്റെ തീരുമാനത്തെ ജെഡിയു ദേശീയ അധ്യക്ഷന്‍ ശരത്പവാര്‍ ശക്തമായി എതിര്‍ക്കണമെന്നും തള്ളിപ്പറയണമെന്നും വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടു.

ജെഡിയുവില്‍ പലര്‍ക്കും നിതീഷിന്റെ തീരുമാനത്തോട് എതിര്‍പ്പുണ്ട്. ജെഡിയു കേരള ഘടകം നിതീഷ് കുമാറുമായുള്ള ബന്ധം ഉപേക്ഷിച്ചു. രാജ്യസഭാ എംപി സ്ഥാനം രാജിവെയ്ക്കാന്‍ തയ്യാറാണെന്നും വീരേന്ദ്ര കുമാര്‍ വ്യക്തമാക്കി. ജെഡിയു കേരള ഘടകം ഭാവിപരിപാടികള്‍ തീരുമാനിക്കാന്‍ യോഗം ചേരും. സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്നതിന് ശേഷം തുടര്‍ നടപടികളെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയപരമായി നിതീഷ് കുമാറിന്റെ പരാജയമാണ് ബിജെപി കൂട്ടുകെട്ടെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു. ആര്‍ജെഡിക്കും കോണ്‍ഗ്രസിനും ഒപ്പം നിന്നപ്പോഴുണ്ടായ ഭൂരിപക്ഷം ഉണ്ടാവില്ലെന്ന് മാത്രമല്ല ബിജെപിയുടെ നിഴലിലേക്ക് പോകുന്ന അവസ്ഥയും ഉണ്ടാവും. നിതീഷിന്റെ ശക്തി ക്ഷയിക്കുമെന്നും ബിജെപിക്ക് ബിഹാര്‍ പിടിച്ചെടുക്കല്‍ എളുപ്പമാകുമെന്നും വീരേന്ദ്ര കുമാര്‍ മുന്നറിയിപ്പ് നല്‍കി.