സംവിധായകന്‍ ജീന്‍പോള്‍ ലാലിനെ പോലീസ് ചോദ്യം ചെയ്യും

single-img
27 July 2017

കൊച്ചി: പുതുമുഖ നടിയുടെ പരാതിയില്‍ സംവിധായകനും നടനുമായ ലാലിന്റെ മകനും യുവ സംവിധായകനുമായ ജീന്‍പോള്‍ ലാലിനെ ചോദ്യം ചെയ്യും. സിനിമയില്‍ അഭിനയിച്ചതിനു പ്രതിഫലം ചോദിച്ച നടിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന പരാതിയിലാണ് ചോദ്യം ചെയ്യുന്നത്. അനുവാദമില്ലാതെ ഡ്യൂപ്പിനെ വച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നും പരാതിയില്‍ പറയുന്നു.

ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്ത സിനിമയില്‍ അഭിനയിച്ച നടിയാണു കൊച്ചി സിറ്റി കമ്മീഷണര്‍ക്കു പരാതി നല്‍കിയത്. ജീന്‍ പോളിനു പുറമേ നടന്‍ ശ്രീനാഥ് ഭാസി, അണിയറ പ്രവര്‍ത്തകരായ അനിരുദ്ധ്, അനൂപ് എന്നിവര്‍ക്കെതിരെയും കേസുണ്ട്.

അതേസമയം ജീന്‍ പോള്‍ ലാലിനെതിരെ പരാതി നല്‍കിയ നടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പിതാവും നടനുമായ ലാല്‍ തന്നെ വിശദീരണവുമായി രംഗത്തെത്തിയിരുന്നു. ഒരു സീനില്‍ മാത്രം അഭിനയിക്കാന്‍ എത്തിയതാണ് പരാതിക്കാരിയായ ആ നടിയെന്നും അവരുടെ പെരുമാറ്റം മോശമായിരുന്നെന്നും ലാല്‍ പറഞ്ഞു.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസന്വേഷണം പുരോഗമിക്കുന്ന ഈ സാഹചര്യത്തില്‍ എന്ത് പറഞ്ഞാലും വാര്‍ത്തയാകും. പരാതിയുമായി രംഗത്തെത്തിരിക്കുന്ന യുവനടി നനഞ്ഞിടം കുഴിക്കുകയാണെന്നും ലാല്‍ പറഞ്ഞിരുന്നു.

നവംബര്‍ 16ന് ഹണിബീ ടുവിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. യുവ നടി കൊച്ചി പനങ്ങാട് ഹോട്ടലില്‍ എത്തി പ്രതിഫലം ചോദിച്ചപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചു എന്നാണ് പരാതി. മാത്രമല്ല പ്രതിഫലവും നല്‍കിയില്ല എന്ന് പരാതിയില്‍ പറയുന്നു.കൊച്ചി പനങ്ങാട് പൊലീസാണ് കേസെടുത്ത് അന്വേഷിക്കുന്നത്