വീട്ടമ്മയെ പീഡിപ്പിച്ച കേസ്: എം.വിന്‍സന്റ് എംഎല്‍എയ്ക്ക് ജാമ്യമില്ല

single-img
26 July 2017


തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ കോവളം എംഎല്‍എ എം വിന്‍സെന്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. നെയ്യാറ്റിന്‍കര മൂന്നാം ക്ലാസ് മുന്‍സിഫ് മജിസ്‌ട്രേറ്റ് ആനി വര്‍ഗീസാണ് ജാമ്യാപേക്ഷ തള്ളിയത്.

ജാമ്യം നല്‍കിയാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് കോടതി വിലയിരുത്തി. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന വാദം കോടതി അംഗീകരിച്ചു. പരാതിക്കാരിയുടെ ജീവന് ഭീഷണിയുണ്ടെന്നും പ്രൊസിക്യൂഷന്‍ അറിയിച്ചു.

വിന്‍സന്റിന്റെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡി ഇന്ന് അവസാനിച്ചതിനെ തുടര്‍ന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജാമ്യ ഹര്‍ജിയും പരിഗണിച്ചത്. മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനാല്‍ അടുത്ത ദിവസം തന്നെ വിന്‍സന്റ് ജില്ലാ കോടതിയിലേക്ക് ജാമ്യം തേടി പോകും. വിന്‍സന്റിനെ നെയ്യാറ്റിന്‍കര സബ്ജയിലിലേക്കു മാറ്റി.

അതേസമയം എം വിന്‍സന്റിന്റെ ഫോണ്‍ എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍ നിന്നും അന്വേഷണസംഘം കണ്ടെടുത്തു. ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കും. എംഎല്‍എയുടെ ശബ്ദപരിശോധനയും നടത്തും. പരാതിക്കാരിയുടെ സഹോദരനെ എംഎല്‍എ ഫോണ്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു.