കാവ്യാ മാധവന്റെ അമ്മയേയും ചോദ്യം ചെയ്തു: കൂടുതല്‍ അറസ്റ്റിന് സാധ്യത

single-img
26 July 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കാവ്യമാധവന്റെ അമ്മ ശ്യാമളയെ പൊലീസ് ചോദ്യം ചെയ്തു. ഇന്നലെ രാത്രിയാണ് ചോദ്യം ചെയ്തത്. 2013 മുതലുള്ള വിവരങ്ങളാണ് ഇവരോട് ചോദിച്ചത്.

ദിലീപും കാവ്യയും ഒരുമിച്ചുള്ള വിദേശ താരനിശ സംബന്ധിച്ചും ചോദിച്ചറിഞ്ഞു. കാവ്യയുടെ വസ്ത്രസ്ഥാപനമായ ‘ലക്ഷ്യ’യുടെ ചുമതല അമ്മയ്ക്കായിരുന്നു. ഇക്കാരണത്താലാണ് അമ്മയെ ചോദ്യം ചെയ്തതെന്നാണ് സൂചന.

അതേസമയം, ചോദ്യംചെയ്യല്‍ സ്വാഭാവിക നടപടി മാത്രമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടുമില്ല. കൂടുതല്‍ പേരെ ചോദ്യം ചെയ്യണോയെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

എന്നാല്‍ കാവ്യാമാധവനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും എന്നാണ് സൂചന. ചൊവ്വാഴ്ച കാവ്യയെ ആറു മണിക്കൂറോളം പോലീസ് ചോദ്യം ചെയ്തിരുന്നു. കാവ്യയില്‍ നിന്നുമെടുത്ത മൊഴി പൊലീസ് ക്‌ളബ്ബില്‍ അന്വേഷണസംഘം വിശദമായി പരിശോധന നടത്തി. അതിന് ശേഷം ഇത് പൊലീസ് മേധാവിക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.  മുഖ്യമന്ത്രിയുടെ ഓഫീസുമായും ഇക്കാര്യത്തില്‍ ആശയ വിനിമയം നടത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പള്‍സറും കാവ്യയുമായി അടുപ്പമുണ്ടെന്ന നിര്‍ണ്ണായക തെളിവ് കിട്ടിയ ശേഷമായിരുന്നു നടിയെ പൊലീസ് ചോദ്യം ചെയ്തത്. കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലേക്ക് പള്‍സര്‍ സുനി എത്തിയ വിഡിയോ തെളിവും പൊലീസിന് കിട്ടിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ പള്‍സര്‍ സുനിയെ അറിയില്ലെന്ന മൊഴി കാവ്യക്ക് തിരിച്ചടിയായിട്ടുണ്ട്.

ദിലീപും കാവ്യയും ഒന്നിച്ചഭിനയിച്ച അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നേയും എന്ന സിനിമാ സെറ്റില്‍ നിന്നും പൊലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയിരുന്നു. ഈ സെറ്റിലും പള്‍സര്‍ സജീവ സാന്നിധ്യമായിരുന്നു. എന്നാല്‍ സുനിലിനെ പരിചയം പത്രത്തില്‍ ചിത്രം കണ്ടപ്പോള്‍ മാത്രമാണെന്നും തന്റെ സ്ഥാപനത്തില്‍ ഇയാള്‍ വന്നതായി അറിയില്ലെന്നും ആയിരുന്നു കാവ്യയുടെ നിലപാട്

അതേസമയം ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും പൊലീസ് വലയിലാണ്. ഇന്ന് അപ്പുണ്ണിയുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തീരുമാനം പ്രഖ്യാപിക്കും. വിധി അപ്പുണ്ണിക്ക് എതിരായാല്‍ ഉടന്‍ അറസ്റ്റ് നടക്കും. അപ്പുണ്ണിയില്‍ നിന്നും പള്‍സറും ദിലീപിന്റെ കുടുംബവുമായുള്ള ബന്ധത്തിന്റെ സൂചനകള്‍ കൂടുതലായി ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഇതോടെ കാവ്യയ്‌ക്കെതിരായ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

അപ്പുണ്ണിയുടെ ഒളിയിടത്തെക്കുറിച്ചു പൊലീസിനു രഹസ്യവിവരം കിട്ടി കഴിഞ്ഞു. നിലമ്പൂര്‍ നാടുകാണിച്ചുരത്തിനു സമീപം തമിഴ്‌നാട് അതിര്‍ത്തിയിലെ ദേവാലത്ത് അപ്പുണ്ണിയുള്ളതായാണ് സൂചന.