ദിലീപ് ജയിലിലും ‘വിഐപി’: പ്രത്യേക ഭക്ഷണം; സഹായത്തിന് മോഷണക്കേസ് പ്രതി

single-img
26 July 2017

കൊച്ചി: നടന്‍ ദിലീപിന് ജയിലില്‍ വിഐപി പരിഗണനയെന്ന് റിപ്പോര്‍ട്ട്. ദിലീപ് ഉള്‍പ്പെടെ നാലു പേരുള്ള സെല്ലില്‍ ദിലീപിന്റെ സഹായത്തിന് തമിഴ്‌നാട് സ്വദേശിയായ മോഷണക്കേസ് പ്രതിയെയാണു ജയില്‍ അധികൃതര്‍ വിട്ടുകൊടുത്തിരിക്കുന്നതെന്നാണ് വിവരം.

മറ്റു തടവുകാര്‍ ഭക്ഷണം കഴിച്ചു സെല്ലിനുള്ളില്‍ കയറിയശേഷം, ജയില്‍ ജീവനക്കാര്‍ക്കു തയ്യാറാക്കുന്ന പ്രത്യേക ഭക്ഷണം അടുക്കളയിലെത്തി കഴിക്കാനും ദിലീപിന് അനുവാദം നല്‍കി. ഇതുള്‍പ്പെടെ ജയിലില്‍ ദിലീപിനു നല്‍കിയിരിക്കുന്ന വിഐപി പരിഗണനയെക്കുറിച്ച് ജയില്‍ വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പരാശ്രയമില്ലാതെ ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള തടവുകാര്‍ക്കു മാത്രമാണു ജയിലില്‍ സഹായത്തിനു തടവുകാരെ അനുവദിക്കാറുള്ളത്. ഇതു മറികടന്നാണു ദിലീപിനു സഹായിയെ അനുവദിച്ചത്. തുണി അലക്കല്‍, പാത്രം കഴുകല്‍, ശുചിമുറി വൃത്തിയാക്കല്‍ തുടങ്ങിയവയാണു സഹായിയുടെ പണി.

ഓരോ സെല്ലിനും പുറത്തുള്ള വരാന്തയില്‍ ഭക്ഷണം എത്തിച്ച്, തടവുകാരെ വരിയാക്കി നിര്‍ത്തിയശേഷം ഭക്ഷണം വിളമ്പുകയാണു ജയിലിലെ രീതി. എന്നാല്‍, ദിലീപിന് രണ്ടു ദിവസമായി ജയിലിലെ അടുക്കളയിലാണു ഭക്ഷണം. മറ്റു തടവുകാര്‍ ഭക്ഷണം കഴിച്ചു സെല്ലില്‍ കയറിയശേഷമാണു ദിലീപിനെ പുറത്തിറക്കി അടുക്കളയിലെത്തിക്കുന്നത്.

ജയില്‍ മെനുവില്‍ പെടാത്ത, പ്രത്യേക വിഭവങ്ങളാണ് ഇവിടെ ജീവനക്കാര്‍ക്കു വേണ്ടി തയ്യാറാക്കുന്നത്. മറ്റു തടവുകാര്‍ക്കൊപ്പം പുറത്തിറക്കി ദിലീപിനെ കുളിപ്പിക്കുന്ന രീതിയും നിന്നു. എല്ലാവരും കുളിച്ചുപോയതിനുശേഷം ഒറ്റയ്ക്ക് ഇതിനുള്ള സൗകര്യം ചെയ്തുകൊടുക്കുകയാണ് ഇപ്പോള്‍.

ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പെടുത്തിയത്. സുരക്ഷയുടെ പേരു പറഞ്ഞാണിതെങ്കിലും പിന്നില്‍ വഴിവിട്ട ഇടപാടുകളുണ്ടോയെന്നാണു ജയില്‍ വകുപ്പ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ദിലീപ് ജയിലില്‍ കഴിയുമ്പോള്‍, അവധിദിനത്തില്‍ ജയിലിലെ ഉന്നതോദ്യോഗസ്ഥനെ ഇരട്ടക്കൊലക്കേസ് പ്രതി സന്ദര്‍ശിച്ചതു വിവാദമായിരുന്നു.

ഈ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ രക്തസമ്മര്‍ദമുയര്‍ന്ന് ഉദ്യോഗസ്ഥന്‍ ആശുപത്രിയിലായി. ഇക്കാരണത്താലാണ് അന്ന് അന്വേഷണം തല്‍കാലം വേണ്ടെന്നു വച്ചത്. ദിലീപിനെ കാണാന്‍ ബന്ധുക്കളെയും അഭിഭാഷകനെയും മാത്രമേ അനുവദിക്കാവൂ എന്ന ജയില്‍ മേധാവിയുടെ നിര്‍ദേശം മറികടന്ന് കഴിഞ്ഞ ദിവസം സുഹൃത്തിനെ ദിലീപിനെ കാണാന്‍ അനുവദിച്ചിരുന്നു.

അതേസമയം ആലുവ സബ്ജയിലില്‍ തടവുകാരെ സന്ദര്‍ശിക്കാനെത്തുന്നവരില്‍നിന്നു പണപ്പിരിവ് നടത്തുന്നതായി വ്യാപകമായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.

കടപ്പാട്: മനോരമ