സ്വന്തം സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാനും ബിജെപി നേതാക്കള്‍ പണം വാങ്ങി: വെളിപ്പെടുത്തലുമായി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്

single-img
26 July 2017

തിരുവനന്തപുരം: വോട്ട് മറിയിലൂടെ സ്വന്തം സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാനും ബിജെപി നേതാക്കള്‍ പണം വാങ്ങിയതായി ആരോപണം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി സികെ പത്മനാഭന്റെ തോല്‍വിക്ക് പിന്നില്‍ സാമ്പത്തിക ഇടപാടുകളാണെന്ന വെളിപ്പെടുത്തലുമായി ബിജെപി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മോഹന്‍ ശങ്കര്‍ രംഗത്ത് എത്തി.

2005ലെ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലാണ് ബിജെപിയുടെ ഉന്നത നേതാക്കള്‍ സികെ പത്മനാഭനെ തോല്‍പ്പിക്കുന്നതിനായി പണം വാങ്ങി കാലുവാരിയതെന്നാണ് മോഹന്‍ ശങ്കറിന്റെ വെളിപ്പെടുപ്പത്തല്‍. മീഡീയാവണ്‍ ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

‘അന്ന് പന്ന്യന്‍ രവീന്ദ്രനു വേണ്ടി ബിജെപി നേതാക്കളുടെ വീടുകളില്‍ സിപിഐ നേതാക്കളുടെ യോഗം നടന്നതിന്റെ ചിത്രങ്ങള്‍ അടക്കമാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വോട്ട് മറിക്കാന്‍ കൂട്ടു നിന്നവരില്‍ പലരും ഇന്ന് ബിജെപിയുടെ ഉന്നത നേതാക്കളാണ്‌.  കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും ആര്‍ക്കെതിരെയും നടപടി ഉണ്ടായില്ലന്നും’ മോഹന്‍ ശങ്കര്‍ ആരോപിച്ചു.

പികെ വാസുദേവന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് 2005 ല്‍ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സിപിഐയിലെ പന്ന്യന്‍ രവീന്ദ്രനെതിരെ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി സികെ പത്മനാഭന് ലഭിച്ചത് അന്‍പതിനായിരത്തില്‍ താഴെ വോട്ടാണ്.

ഒരു വര്‍ഷം മുന്‍പ് ഒ രാജഗോപാല്‍ നേടിയതിനെക്കാള്‍ ഒന്നരലക്ഷത്തിനകം വോട്ടിന്റെ കുറവാണിത്. ബിജെപി നേതാക്കള്‍ വന്‍ തോതില്‍ വോട്ട് മറിച്ചുവെന്നാണ് ഇതേ കുറിച്ച് അന്വേഷിച്ച മോഹന്‍ ശങ്കറിന്റെ കണ്ടെത്തല്‍.