2000 രൂപ നോട്ടിന്റെ അച്ചടി റിസര്‍വ് ബാങ്ക് നിര്‍ത്തിവെച്ചു

single-img
26 July 2017

ന്യൂഡല്‍ഹി: നോട്ടസാധുവാക്കലിന് ശേഷം വിപണിയില്‍ എത്തിയ രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ ഇടപാട് നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് പുതിയ നടപടിയെന്നാണ് സൂചന. പുതിയ സുരക്ഷാസംവിധാനങ്ങളുമായി അച്ചടി പൂര്‍ത്തിയാക്കിയ 200 രൂപ നോട്ടുകള്‍ ആഗസ്ത് മാസത്തോടെ പുറത്തിറങ്ങും.

500, 1000 രൂപ നോട്ട് പൊടുന്നനെ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് തിരക്കിട്ട് റിസര്‍വ് ബാങ്ക് 2000 രൂപ നോട്ടുകള്‍ അച്ചടിച്ചത്. പക്ഷെ ആവശ്യത്തിന് ചില്ലറിയില്ലാത്തത് മൂലം ജനം വലയുന്നതിനാലാണ് ചെറിയ മൂല്യമുള്ള നോട്ടുകള്‍ കൂടുതല്‍ അടിച്ചിറക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. നോട്ട് പിന്‍വലിച്ചത് മൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഊര്‍ജിത ശ്രമത്തിലാണ് കേന്ദ്ര ബാങ്ക്.

അതേസമയം രണ്ടായിരം രൂപ നോട്ടിന്റെ പ്രചാരത്തില്‍ കുറവുണ്ടായതായി ബാങ്കുകളും എടിഎം സേവന ദാതാക്കളും അടുത്തിടെ പരാതിപ്പെട്ടിരുന്നു. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ ഇടപാട് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ആര്‍ബിഐ നടപടി. നോട്ടസാധുവാക്കലിന് ശേഷം കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ 7.4 ലക്ഷം കോടി രൂപയുടെ രണ്ടായിരം രൂപ നോട്ടുകള്‍ ആര്‍ബിഐ അച്ചടിച്ചു. നവംബര്‍ എട്ടിന് നോട്ടസാധുവാക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ 6.3 ലക്ഷം കോടി രൂപയുടെ ആയിരം രൂപ നോട്ടുകളാണ് പ്രചാരത്തിലിരുന്നത്.