വിന്‍സെന്റിനെ യുഡിഎഫ് കൈവിടില്ല: എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടെന്ന് തീരുമാനം

single-img
25 July 2017

വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ വിന്‍സെന്റിന് യുഡിഎഫ് പിന്തുണ. വിന്‍സെന്റിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് യുഡിഎഫ് യോഗം വിലയിരുത്തി. അതിനാല്‍ വിന്‍സെന്റ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും യുഡിഎഫ് യോഗത്തില്‍ ധാരണയായി.

ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടിന് മറ്റുപാര്‍ട്ടികളും പൂര്‍ണ പിന്തുണ അറിയിക്കുകയായിരുന്നു. കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിച്ച് അതുവഴി യുഡിഎഫിനെ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും ഇത് അംഗീകരിച്ച് കൊടുക്കേണ്ടതില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം ചേര്‍ന്നത്.

കുറ്റാരോപിതന്‍ മാത്രമായ വിന്‍സെന്റിനെ ഒറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനും യോഗത്തില്‍ ധാരണയായി. മുന്പ് സമാനമായ പല കേസുകള്‍ ഉണ്ടായിട്ടും എം.എല്‍.എമാര്‍ രാജിവച്ച കീഴ്‌വഴക്കം ഇല്ലെന്നും യോഗം വിലയിരുത്തി.

വിന്‍സെന്റിനെതിരായ കേസ് ഗൂഢാലോചനയാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പറഞ്ഞു. തിരക്കിട്ട് വിന്‍സെന്റിനെ അറസ്റ്റ് ചെയ്തത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഗൂഢാലോചനയാണ് വ്യക്തമാക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസനും വ്യക്തമാക്കി.
.