Kerala

കുമ്മനത്തെ ‘ഉപദേശിക്കുന്നവര്‍’ ‘സംഘി’കളല്ലേയെന്ന് കേന്ദ്രം; തെരഞ്ഞെടുപ്പ് ഫണ്ട് മുക്കിയതിലും അന്വേഷണം തുടങ്ങി

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ഉപദേശകര്‍ക്കെതിരെ കേന്ദ്ര നേതൃത്വം പ്രത്യേക അന്വേഷണം നടത്തും. പാര്‍ട്ടി അറിയാതെയാണ് കുമ്മനം കാര്യങ്ങള്‍ നടത്തുന്നത്, ജനറല്‍ സെക്രട്ടറിമാരോട് പോലും ആശയവിനിമയം നടത്തുന്നില്ല, ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുന്നു തുടങ്ങിയ പരാതിയിന്മേലാണ് കേന്ദ്ര നേതൃത്വത്തിന്റെ അന്വേഷണം.

കുമ്മനത്തിനെതിരെ ഉയര്‍ന്ന ഇത്തരം പരാതികളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം അടുത്തിടെ നിയമിച്ച മൂന്ന് ഉപദേശകര്‍ക്കെതിരെ അന്വേഷിക്കാന്‍ കേന്ദ്രം തയ്യാറാകുന്നത്. മാധ്യമ ഉപദേഷ്ടാവായ ഹരി എസ് കര്‍ത്ത, രാധാകൃഷ്ണ പിള്ള, ഗോപാല പിള്ള തുടങ്ങിയ കുമ്മനത്തിന്റെ പുതിയ ഉപദേഷ്ടാക്കള്‍ക്കെതിരെ വലിയ പരാതികളാണ് കേന്ദ്രത്തിന് ലഭിച്ചിട്ടുള്ളത്.

ഉപദേശകര്‍ ബിജെപിയുമായി ബന്ധമില്ലാത്തവരും ഇടത് സഹയാത്രികരുമാണെന്നും പരാതിയില്‍ പറയുന്നു. അതിനിടെ ബി.എല്‍. സന്തോഷ് മുരളീധരന്‍ ഗ്രൂപ്പിന്റെ വക്താവായി മാറിയെന്ന ആരോപണത്തെ തുടര്‍ന്ന് അദ്ദേഹത്തെ കേരളത്തിന്റെ ചുമതലയില്‍ നിന്ന് മാറ്റും. അതേസമയം നേരത്തെ തീരുമാനിച്ച പോലെ ഒക്ടോബറില്‍ ദേശീയ പ്രസിഡന്റ് അമിത്ഷാ കേരളത്തിലെത്തും. ഒക്ടോബര്‍ 22ന് അമിത്ഷായുടെ ജന്മദിനം കേരളത്തിലാണ് ആഘോഷിക്കുക. അപ്പോഴേക്കും സംസ്ഥാന ഘടകത്തിലെ പ്രശ്‌നങ്ങളില്‍ ഒരു അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ബിജെപി കേന്ദ്ര നേതൃത്വം നല്‍കിയ ഫണ്ട് മുക്കിയെന്ന ആരോപണത്തെക്കുറിച്ചു പാര്‍ട്ടിതലത്തില്‍ അന്വേഷണം തുടങ്ങി. തെരഞ്ഞെടുപ്പു കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും വരവു ചെലവു കണക്കുകള്‍ സംസ്ഥാന കോര്‍ ഗ്രൂപ്പ് യോഗത്തിലോ ജനറല്‍ സെക്രട്ടറിമാര്‍ക്കു മുന്നിലോ അവതരിപ്പിച്ചിട്ടില്ല. തെരഞ്ഞെടുപ്പു കമ്മിഷനു സമര്‍പ്പിക്കുന്ന ‘ഔപചാരിക’ കണക്കല്ലാതെ യഥാര്‍ഥ കണക്കുകള്‍ വെളിപ്പെടുത്താന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനോ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സുഭാഷോ തയാറാകുന്നില്ലെന്നാണ് ആരോപണം.

കണക്കുകള്‍ക്കായി കോര്‍ ഗ്രൂപ്പ് യോഗത്തില്‍ പലതവണ ആവശ്യമുയര്‍ന്നിട്ടും പ്രതികരണമുണ്ടായില്ലെന്ന പരാതി കേന്ദ്ര നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. സംസ്ഥാനത്തെ എ വിഭാഗത്തിലുള്ള 15 നിയമസഭാ മണ്ഡലങ്ങള്‍ക്ക് ഒരു കോടി രൂപ വീതമാണ് കേന്ദ്ര നേതൃത്വം അനുവദിച്ചത്. ഇതില്‍ മൂന്നു മണ്ഡലങ്ങളിലൊഴികെ മുഴുവന്‍ തുക സ്ഥാനാര്‍ഥികള്‍ക്കു ലഭിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.

ബി വിഭാഗത്തിലുള്ള മണ്ഡലങ്ങളില്‍ 2035 ലക്ഷം രൂപ വീതവും സി വിഭാഗത്തില്‍ 15 ലക്ഷം രൂപ വീതവും നല്‍കാനാണു നിര്‍ദേശിച്ചതെങ്കിലും തുക സ്ഥാനാര്‍ഥികള്‍ക്കു ലഭിച്ചിരുന്നില്ല. കേന്ദ്ര നേതൃത്വം നല്‍കിയ ഫണ്ട് കൈകാര്യം ചെയ്തതു ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷും പാര്‍ട്ടി അധ്യക്ഷന്‍ കുമ്മനം രാജശേഖരനും സംഘടനാ ജനറല്‍ സെക്രട്ടറിമാരായിരുന്ന ഉമാകാന്തന്‍, കെ.സുഭാഷ് എന്നിവരുമാണ്. ഇതില്‍ ഉമാകാന്തനെ പാര്‍ട്ടിഭാരവാഹിത്വത്തില്‍ നിന്നൊഴിവാക്കി എം.ഗണേശിനെ നിയോഗിച്ചിരുന്നു. തെരഞ്ഞെടുപ്പു ചുമതലകളില്‍ ബിജെപിയെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ട ആര്‍എസ്എസ് നേതാക്കളും ഫണ്ട് മുക്കിയെന്നാണു സ്ഥാനാര്‍ഥികളുടെ പരാതി.

കഴിഞ്ഞവര്‍ഷം കോഴിക്കോട്ടു നടന്ന ദേശീയ കൗണ്‍സില്‍ യോഗത്തിനായി നടത്തിയ പിരിവിന്റെയും ചെലവുകളെയും കുറിച്ചുള്ള കണക്കുകളും പാര്‍ട്ടി കോര്‍ ഗ്രൂപ്പിനു മുന്നില്‍ സമര്‍പ്പിച്ചിട്ടില്ല. വ്യാജ രസീത് ഉപയോഗിച്ചു പിരിവുനടത്തിയെന്ന ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടിയിലെ ഇരുവിഭാഗങ്ങളും പരസ്പരം പഴിചാരുകയാണ്.

അതിനിടെ മഞ്ചേരി പൊതുമേഖലാ ബാങ്ക് നിയമനത്തിനു ബിജെപി ജില്ലാ നേതാവ് പണം വാങ്ങിയെന്ന ആരോപണം സംബന്ധിച്ച് പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വത്തിനു സമര്‍പ്പിച്ചു. നേതാവിന്റെ പങ്ക് സാധൂകരിക്കുന്ന തരത്തിലാണു റിപ്പോര്‍ട്ടെന്നാണു സൂചന. ബാങ്ക് ജോലിക്കുള്ള റാങ്ക് പട്ടികയില്‍ മകനെ ഉള്‍പ്പെടുത്താന്‍ മഞ്ചേരി സ്വദേശിയായ പിതാവ് രണ്ട് ഇടനിലക്കാര്‍ വഴി 10 ലക്ഷം രൂപ നല്‍കിയെന്നാണ് ആക്ഷേപം. നിയമനം നടക്കാതെ വന്നപ്പോള്‍ പണം തിരികെ ചോദിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.