ഐഎസ് ഭീകരര്‍ ആറ് മാസം ലൈംഗീകമായി പീഡിപ്പിച്ച യസീദി യുവതിയുടെ കഥ

single-img
25 July 2017

ആറുമാസത്തോളം നീണ്ട ലൈംഗിക അടിമയായുള്ള ജീവിതത്തിനു ശേഷം ഐഎസ് ഭീകരരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട എഖ്‌ലാസ് എന്ന യസീദി പെണ്‍കുട്ടിക്ക് ഇനി കരയാന്‍ കണ്ണുനീരില്ല. ഒരു മനുഷ്യായുസ്സിന് സഹിക്കാന്‍ കഴിയുന്നതിലധികം ക്രൂരത തന്റെ കുഞ്ഞു പ്രായത്തില്‍ തന്നെ അനുഭവിക്കാനായിരുന്നു ഇവളുടെ ദുര്‍വിധി.

ഐഎസ് ഭീകരരുടെ പിടിയിലകപ്പെടുമ്പോള്‍ എഖ്‌ലാസിന് വയസ്സ് വെറും പതിനാല്. തടവിലാക്കപ്പെട്ട 150 പെണ്‍കുട്ടികളുടെ പേരെഴുതിയിട്ട് അതില്‍ നിന്നും ലോട്ടെടുത്താണ് ഐഎസിലൊരാള്‍ തന്റെ ലൈംഗിക അടിമയായി എഖ്‌ലാസിനെ തിരഞ്ഞെടുത്തത്.

പിന്നീടങ്ങോട്ട് അനുഭവിച്ച നരക യാതനകളെ കുറിച്ച് പറയുമ്പോള്‍ അവളുടെ വാക്കുകള്‍ ഇടറി. ഇനി കരയാന്‍ കണ്ണീരില്ല, പക്ഷെ കരയാതെ എങ്ങനെ ഞാന്‍ എന്റെ കഥ പറയുമെന്നാണ് എഖ്‌ലാസ് ചോദിക്കുന്നത്. ആറുമാസവും നിരന്തരം എഖ്‌ലാസ് പീഡിപ്പിക്കപ്പെട്ടു. നിവൃത്തിയില്ലാതെ ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചിരുന്നതായി എഖ്‌ലാസ്പറയുന്നു.

‘അയാള്‍ വളരെ വിരൂപനായിരുന്നു. ഒരു രാക്ഷസനെപ്പോലെയാണ് എനിക്ക് തോന്നിയത്. നീണ്ട മുടിയുള്ള ഒരു വികൃതരൂപം. അയാള്‍ക്ക് ഒരു വൃത്തികെട്ട മണമായിരുന്നു. ഞാന്‍ വല്ലാതെ ഭയന്നിരുന്നു. എനിക്ക് അയാളെ ഒന്നു നോക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. ഐഎസിന്റെ തടവില്‍ ലൈംഗിക അടിമയായി കഴിയുന്നതിനേക്കാള്‍ മരണമാണ് നല്ലതെന്ന്’ എഖ്‌ലാസ് ബിബിസിയോട് പറഞ്ഞു.

ആറ് മാസത്തെ ദുരിത ജീവിതത്തിന് ശേഷം ഐഎസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട എഖ്‌ലാസ് ഒരു അഭയാര്‍ത്ഥി ക്യാമ്പിലാണ് എത്തിയത്. ഇന്ന് ജര്‍മനിയിലുള്ള ഒരു മാനസികാരോഗ്യ കേന്ദ്രത്തിലാണ് അവള്‍. പഠനവും തെറാപ്പിയും നടക്കുന്നുണ്ട്. കഴിഞ്ഞുപോയ ഇരുണ്ട ദിനങ്ങളെ ജീവിതത്തില്‍ നിന്നും എന്നന്നേക്കുമായി മായ്ച്ചുകളയണം. പിന്നെ നല്ലൊരു അഭിഭാഷകയാകണം. എഖ്‌ലസിന്റെ മോഹങ്ങള്‍ ചിറകുവിരിക്കുകയാണ്.

യസീദി വംശജരെ സാത്താന്‍ സേവകരായാണ് ഐഎസ് ഭീകരര്‍ കണക്കാക്കുന്നത്. 2014ല്‍ ആണ് ഐഎസ് യസീദികളെ ഉന്നമിടാന്‍ തുടങ്ങിയത്. കിഴക്കന്‍ മേഖലയില്‍ നിന്നുമുള്ള വിവിധ ഇസ്ലാമിക വിശ്വാസ സമ്പ്രദായങ്ങള്‍ പിന്തുടരുന്ന വിഭാഗമാണ് യസീദി സമുദായം. ഏകദേശം 400000 പേരുള്ള സമുദായമാണിത്.

ഇറാക്കിലെ കുടിയേറ്റക്കാരായ സ്ത്രീകളെയെല്ലാം ഐഎസ് തട്ടിക്കൊണ്ടു പോവുകയായിരുന്നു. ആക്രമണത്തില്‍ ആ ഗ്രാമത്തിലുള്ള പുരുഷന്മാരെയൊക്കെ ഭീകരര്‍ കൊന്നു. 400 പുരുഷന്മാരും 18 വൃദ്ധ സ്ത്രീകളുമാണ് അന്നു കൊല്ലപ്പെട്ടത്. സ്ത്രീകളെയും കുട്ടികളെയും ഭീകരര്‍ പിടികൂടി അവരുടെ താവളത്തിലേക്കു കൊണ്ടുപോയി. ബഹുഭൂരിപക്ഷം സ്ത്രീകളും അവരുടെ ലൈംഗിക അടിമകളായിരുന്നു.