Movies

‘ആ പൊട്ടിപ്പെണ്ണ് പറയുന്നത് വിശ്വസിക്കരുത്’: കാവ്യയുമായുള്ള രഹസ്യബന്ധം പുറത്തായപ്പോള്‍ ദിലീപ് പറഞ്ഞത് ഇങ്ങനെ…

കൊച്ചി: ദിലീപും കാവ്യാമാധവനും തമ്മിലുള്ള രഹസ്യ ബന്ധത്തെക്കുറിച്ച് വിവരങ്ങള്‍ കൈമാറിയത് ആക്രമിക്കപ്പെട്ട നടിയാണെന്ന് മഞ്ജുവാര്യര്‍ അന്വേഷണസംഘത്തിന് നല്‍കിയ മൊഴി പുറത്ത്. ഇക്കാര്യം അറിഞ്ഞതോടെ ‘ആ പൊട്ടിപ്പെണ്ണ് പറയുന്നത് വിശ്വസിക്കരുതെന്ന്’ ദിലീപ് പറഞ്ഞതായും മഞ്ജു അന്വേഷണസംഘത്തോട് വ്യക്തമാക്കി.

ദിലീപ് അറസ്റ്റിലാകുന്നതിന് മുമ്പ് കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലില്‍ വച്ചാണ് എഡിജിപി ബി. സന്ധ്യ മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയത്. ദിലീപിന് നടിയോട് പകയ്ക്ക് ഇടയാക്കിയത് കുടുംബബന്ധം തകര്‍ത്തതാണെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇതിന് ബലമേകുന്ന സാക്ഷിമൊഴിക്ക് വേണ്ടിയാണ് മുന്‍ഭാര്യയായ മഞ്ജുവാര്യരില്‍ നിന്ന് വിവരങ്ങള്‍ തേടിയത്. പോലീസിന്റെ കണ്ടെത്തലുകളെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു മഞ്ജുവിന്റെ മൊഴി.

‘ആക്രമിക്കപ്പെട്ട നടിയും താനും അടുത്ത സുഹൃത്തുക്കളായതിനാലാണ് ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം അറിഞ്ഞതോടെ തന്നെ അറിയിച്ചത്. 2012 മുതല്‍ കാവ്യയുമായി ദിലീപ് അടുപ്പത്തിലാണെന്ന് മനസിലായി. പിന്നീട് ദിലീപുമായുള്ള കുടുംബ ബന്ധം തകര്‍ന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപേട്ടന്‍ കുറ്റക്കാരനാകരുതേയെന്ന് പ്രതീക്ഷിക്കുന്നതായും’ മഞ്ജുവിന്റെ മൊഴിയില്‍ പറയുന്നു.

താരങ്ങളുടെ അമേരിക്കന്‍ ഷോയ്ക്കിടയിലായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വഴിവിട്ട ബന്ധം സിനിമാ മേഖലയിലാകെ പാട്ടായത്. ഷോയില്‍ അന്ന്് ദിലീപിനൊപ്പം കാവ്യാ മാധവനും ഉണ്ടായിരുന്നു. ഇവരുടെ ബന്ധം അറിഞ്ഞ മഞ്ജു വാര്യരുടെ സുഹൃത്തുക്കള്‍ ഇത് മഞ്ജുവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഇവര്‍ക്ക് വേണ്ടവിധം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല.

ഇതിനിടെയാണ് ആക്രമിക്കപ്പെട്ട നടിയുടെ വരവ്. അമേരിക്കന്‍ യാത്രയില്‍ ഇവരോടൊപ്പമുണ്ടായിരുന്ന നടി എല്ലാം തെളിവുസഹിതം മഞ്ജുവിനോട് വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ഭര്‍ത്താവായിരുന്ന ദിലീപിനെ മഞ്ജു ചോദ്യം ചെയ്തു. പക്ഷേ തനിക്ക് രണ്ട് പേരേയും വേണമെന്നായിരുന്നു ദിലീപിന്റെ മറുപടി. ഇതോടെ രഹസ്യ ബന്ധം ഭാര്യയോട് വെളിപ്പെടുത്തി തന്റെ കുടുംബബന്ധം തകര്‍ത്ത നടിയോട് ദിലീപിന് കടുത്ത പക തോന്നിതുടങ്ങിയെന്നാണ് മഞ്ജുവിന്റെ മൊഴിയില്‍ നിന്നും വ്യക്തമാവുന്നത്.

പിന്നീട് നടിയോടുള്ള വൈരാഗ്യം വര്‍ധിച്ചതോടെ നടിയെ സിനിമയില്‍ നിന്ന് ഒറ്റപ്പെടുത്താനായിരുന്നു ദിലീപിന്റെ ആദ്യ ശ്രമം. ഇത് ഏതാണ്ട് വിജയിച്ചു വരുമ്പോഴാണ് പുതിയ സംഭവം ഉണ്ടാകുന്നത്. എറണാകുളം എംജി റോഡിലെ ഒരു ഹോട്ടലില്‍ നടന്ന അമ്മ ഷോയുടെ റിഹേഴ്‌സലിനിടെ തന്റെ ബന്ധത്തെക്കുറിച്ച് ഭാര്യ മഞ്ജുവിനെ അറിയിച്ച വിഷയത്തില്‍ ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ രൂക്ഷമായ വഴക്കുണ്ടാവുകയായിരുന്നു.

നടന്‍ സിദ്ദിഖ് ഉള്‍പ്പെടെയുള്ള താരങ്ങളുടെ മധ്യസ്ഥതയില്‍ അന്ന് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയും അന്ന് നടന്‍ മുകേഷിന്റെ ഡ്രൈവറുമായിരുന്ന പള്‍സര്‍ സുനിയും അന്ന് ആ ഹോട്ടലില്‍ ഉണ്ടായിരുന്നു. എല്ലാം ശരിയാക്കാമെന്നു സുനി ദിലീപിന് ഉറപ്പുനല്‍കി. ഇവിടെനിന്നാണ് ആക്രമിക്കാനുള്ള ഗൂഢാലോചന തുടങ്ങുന്നത്.

മഞ്ജു വാര്യരും ദിലീപും പിരിയാന്‍ കാരണമായ സ്ത്രീ കാവ്യ മാധവനാണെന്ന് സിനിമാ മംഗളത്തില്‍ പല്ലിശേരിയും വെളിപ്പെടുത്തിയിരുന്നു. മഞ്ജുവിനെ ഒഴിവാക്കാതെ കാവ്യയെയും സ്വന്തം ജീവതത്തിലേക്ക് ക്ഷണിക്കാനുള്ള നീക്കമാണ് ദിലീപുമായുള്ള വിവാഹമോചനത്തിന് കാരണമായതെന്നാണ് പല്ലിശേരിയുടെ വിലിയുരത്തല്‍. ഇത് മഞ്ജുവിനെ അറിയിച്ചത് ആക്രമിക്കപ്പെട്ട നടിയായിരുന്നുവെന്നും പല്ലിശേരി വ്യക്തമാക്കുകയുണ്ടായി. ഇതിന് പിന്നാലെയാണ് മഞ്ജു അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയും പുറത്തുവന്നത്.

മഞ്ജുവിന്റെ ഈ മൊഴിയില്‍ നിന്ന് ദിലീപിന് നടിയോട് പകയുണ്ടാവാനുള്ള കാരണങ്ങള്‍ വ്യക്തമാണ്. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച കേസ് ഡയറിയില്‍ മൊഴിയുടെ പ്രസക്ത ഭാഗങ്ങള്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസ് തെളിയിക്കുന്നതിന് മൊഴിക്കുള്ളില്‍ ഒളിഞ്ഞു കിടക്കുന്ന വിവരങ്ങള്‍ പ്രോസിക്യൂഷന് സഹായകമാകും.