ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ യുആര്‍ റാവു അന്തരിച്ചു

single-img
24 July 2017

ബെംഗളൂരു: ബഹിരാകാശ ശാസ്ത്രജ്ഞനും ഐഎസ്ആര്‍ഒ ചെയര്‍മാനുമായിരുന്ന യു.ആര്‍. റാവു(85) അന്തരിച്ചു. ബെംഗളൂരുവിലെ വസതിയില്‍ പുലര്‍ച്ചെ 2.30 ഓടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 1984 മുതല്‍ 1994 വരെ പത്ത് വര്‍ഷക്കാലമാണ് അദ്ദേഹം ഐഎസ്ആര്‍ഒയുടെ ചെയര്‍മാനായി സേവനം അനുഷ്ടിച്ചത്.

ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹമായ ആര്യഭട്ട യാഥാര്‍ത്ഥ്യമാക്കുന്നതിലും രാജ്യത്തിന്റെ ചൊവ്വാ ദൗത്യത്തിലും നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ആര്യഭട്ട അടക്കം 20 കൃത്രിമോപഗ്രഹങ്ങളുടെ വിക്ഷേപണത്തില്‍ വ്യക്തമായ പങ്കുവഹിച്ചിട്ടുണ്ട്. വിരമിച്ച ശേഷം തിരുവനന്തപുരം ഐഐഎസ്ടിയുടെ ചാന്‍സലറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്ത് ഒട്ടേറ സംഭാവനകള്‍ നല്‍കിയിട്ടുള്ള ശാസ്ത്രജ്ഞനാണ് യുആര്‍ റാവു എന്ന ഉഡുപ്പി രാമചന്ദ്ര റാവു.

1932 മാര്‍ച്ച് 10ന് കര്‍ണ്ണാടകയിലെ ഉഡുപ്പി ജില്ലയിലെ അഡാമരു ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. ഉഡുപ്പിയിലെ ക്രിസ്ത്യന്‍ സ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അദ്ദേഹം മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ബിരുദവും, ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും സ്വന്തമാക്കി. രാജിക്ക് ശേഷം അന്താരാഷ്ട്ര വ്യോമയാന ഫെഡറേഷന്റെ (ഐഎഎഫ്) ഹാള്‍ ഓഫ് ഫെയം പുരസ്‌കാരവും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. 2017ല്‍ പദ്മവിഭൂഷണും അര്‍ഹനായിട്ടുണ്ട്.