ഇനി ആണ്‍കുട്ടികള്‍ക്കും സ്‌കൂളുകളില്‍ ഹോം സയന്‍സ് പഠനം നിര്‍ബന്ധം

single-img
24 July 2017

ന്യൂഡല്‍ഹി: ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്‌കൂളുകളില്‍ ഹോംസയന്‍സ് പഠനം നിര്‍ബന്ധമാക്കണമെന്ന് ശുപാര്‍ശ. വനിത ശിശു വികസന മന്ത്രാലയം തയ്യാറാക്കിയ ശുപാര്‍ശകള്‍ക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി ലഭിച്ചാല്‍ രാജ്യത്തെ ആണ്‍കുട്ടികള്‍ നിര്‍ബന്ധമായും ഹോം സയന്‍സ് പഠിക്കേണ്ടതായി വരും.

കുട്ടികള്‍ക്കിടയിലെ ലൈംഗിക വേര്‍തിരിവ് മറികടക്കാനും ചെറുപ്രായത്തില്‍ തന്നെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കല്‍പിച്ചിരിക്കുന്ന ഗൃഹാധിഷ്ഠിത ജോലികളെ ഉടച്ചു വാര്‍ക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ള ശുപാര്‍ശകളാണ് കരടിലുള്ളത്. ഹോം സയന്‍സിനോടൊപ്പം ഫിസിക്കല്‍ എജ്യുക്കേഷനും സ്‌കൂളില്‍ നിര്‍ബന്ധിത പാഠ്യ വിഷയമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

സ്‌കൂള്‍ ബസ്സുകളില്‍ വനിതാ ഡ്രൈവര്‍മാരെ നിയോഗിക്കാനുള്ള നിര്‍ദേശങ്ങളും ഇതിലുള്‍പ്പെടുന്നു. സ്‌കൂള്‍ കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നത് ചെറിയ അളവിലെങ്കിലും ഇതിലൂടെ തടയാനാവുമെന്നാണ് മന്ത്രായലയത്തിന്റെ പ്രതീക്ഷ.

മന്ത്രിമാര്‍ ഒപ്പിട്ട ദേശീയ വനിതാ നയത്തിന്റെ കരട് കാബിനറ്റിന്റെ അനുമതിക്കായി അയച്ചിട്ടുണ്ടെന്ന് വനിത ശിശു വികസന മന്ത്രാലയ വക്താവ് അറിയിച്ചു. 2001 ല്‍ വനിതാനയം നിലവില്‍ വന്നശേഷം ഇതാദ്യമായാണ് 15വര്‍ഷങ്ങള്‍ക്കിപ്പുറം ദേശീയ വനിതാ ശിശുനയം പുന:പരിശോധിക്കുന്നത്.

നയത്തിന്റെ കരട് രൂപം 2016ലാണ് തയ്യാറാവുന്നത്. ഇതില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്താനും അവലോകനം ചെയ്യാനും പ്രധാനമന്ത്രിയുടെ ഓഫീസ് മന്ത്രിമാരെ ചുമതലപ്പെടുത്തിയിരുന്നു. മാറ്റങ്ങള്‍ക്ക് ശേഷം ഒപ്പിട്ട രൂപമാണ് കാബിനറ്റിന്റെ അനുമതിക്കായി കാത്തിരിക്കുന്നത്.