“കക്കൂസ് പണിയാന്‍ കഴിയില്ലെങ്കില്‍ ഭാര്യയെ വില്‍ക്കുക”: മജിസ്‌ട്രേറ്റിന്റെ പ്രസംഗം വിവാദമായി

single-img
24 July 2017


പാട്‌ന: ബീഹാറില്‍ പൊതു സ്ഥലത്തെ മല മൂത്ര വിസര്‍ജ്ജനത്തിന് അറുതി വരുത്താനുള്ള ബോധവത്കരണത്തിന്റെ ഭാഗമായുള്ള പരിപാടിയില്‍ മജിസ്‌ട്രേറ്റിന്റെ പ്രസംഗം വിവാദമായി. ‘ഭാര്യമാര്‍ക്ക് കക്കൂസ് പണിത് നല്‍കാന്‍ കഴിയില്ലെങ്കില്‍ അവരെ വിറ്റുകളയുക’ എന്നായിരുന്നു ബീഹാര്‍ ഔറംഗബാദ് ജില്ലാ മജിസ്‌ട്രേറ്റ് കന്‍വാള്‍ തനൂജിന്റെ പ്രസംഗം.

കക്കൂസുകള്‍ പണിയാന്‍ ബിഹാര്‍ സര്‍ക്കാര്‍ 12,000 രൂപ നല്‍കുന്നുണ്ട്. 12000ത്തില്‍ താഴെയാണ് സ്വന്തം ഭാര്യമാരുടെ മൂല്യം എന്ന് കരുതുന്നതവരോട് കൈ പൊക്കാനാണ് ആദ്യം ഇദ്ദേഹം സദസ്സിലുള്ളവരോട് ആവശ്യപ്പെട്ടത്. ഭാര്യയ്ക്ക് 12000 രൂപ പോലും വില കല്‍പിക്കാത്ത ഒരു പാവപ്പെട്ടവനും ഇക്കൂട്ടത്തിലുണ്ടാവില്ല എന്ന് പറഞ്ഞാണ് ശൗചാലയങ്ങള്‍ പണിയുന്നതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചത്.

തങ്ങളുടെ പക്കല്‍ ശൗചാലയം പണിയാനുള്ള കാശില്ല എന്ന് സദസ്സില്‍ നിന്നുള്ള ഒരു ഗ്രാമീണന്റെ അഭിപ്രായ പ്രകടനമാണ് തന്‍വാളിനെ പ്രകോപിപ്പിച്ചത്. ഇതാണ് നിങ്ങളുടെ മനോഭാവമെങ്കില്‍ പോയി നിങ്ങളുടെ ഭാര്യയെ വിറ്റൂ കളയൂ എന്നാണ് മൈക്കിലൂടെ ക്ഷുഭിതനായി അദ്ദേഹം പറഞ്ഞത്. സ്ത്രീകള്‍ക്ക് കക്കൂസ് പോലും പണിത് നല്‍കാത്ത മനോഭാവത്തിലെ സ്ത്രീ വിരുദ്ധത തുറന്നു കാട്ടാനായിരുന്നു ജില്ലാ മജിസ്‌ട്രേറ്റിന്റെ ശ്രമം.