ബിജെപിയില്‍ സര്‍വ്വത്ര കോഴ: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്തും പണം തട്ടി

single-img
24 July 2017


കോഴിക്കോട്: സൈന്യത്തില്‍ ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ബിജെപി ഉത്തരമേഖലാ സെക്രട്ടറി എം.പി രാജന്‍ ഒന്നരലക്ഷത്തോളം രൂപ കോഴ വാങ്ങിയതായി പരാതി. കോഴിക്കോട് കക്കട്ടിലിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അശ്വന്തില്‍ നിന്നാണ് നേതാക്കള്‍ ലക്ഷങ്ങള്‍ തട്ടിയത്. കുടുംബത്തിന്റെ പരാതിയില്‍ രാജനെതിരെ പൊലീസ് കേസെടുത്തു.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കുറ്റ്യാടി പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് എടുത്തത്. സൈന്യത്തില്‍ ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് രണ്ടുഘട്ടങ്ങളിലായി ബിജെപി നേതാവായ എം.പി രാജന്‍ ഒരു ലക്ഷത്തി നാല്‍പ്പതിനായിരം രൂപ കൈപ്പറ്റിയെന്നാണ് അശ്വന്തിന്റെ പരാതി. കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായതായും സൂചനയുണ്ട്.

ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ബിജെപി നേതാക്കള്‍ ഇടപെട്ട് രണ്ടുലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനവും നല്‍കി. ഈ ഉറപ്പും ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നാണ് അശ്വന്തും കുടുംബവും പൊലീസില്‍ പരാതി നല്‍കുന്നത്. ബിജെപി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും ഇവര്‍ ആരോപിച്ചു.