തക്കാളിക്ക് എ.കെ 47 സുരക്ഷ

single-img
24 July 2017

തക്കാളിക്ക് കാവലിന് ആയുധധാരികളായ സുരക്ഷാഭടന്‍മാരെ ഏര്‍പ്പെടുത്തി വ്യാപാരികള്‍. ഇത് കേട്ട് തമാശയെന്ന് കരുതി തള്ളികളയേണ്ട. സംഗതി ഉള്ളത് തന്നെയാണ്. തക്കാളിക്ക് വിപണിയില്‍ വില കുതിച്ചുയര്‍ന്നതോടെയാണ് മധ്യപ്രദേശിലെ വ്യാപാരികള്‍ പുതിയ കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

തക്കാളി വില നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ട അവസ്ഥയാണ് ഇപ്പോള്‍. വില കുതിച്ചുകയറി പലയിടത്തും 100 മുതല്‍ 120 രൂപവരെ ആയിരിക്കുന്നു. വില ഉയര്‍ന്ന സാഹചര്യത്തില്‍ വന്‍തോതിലാണ് തക്കാളികള്‍ ഇവിടെ നിന്നും മോഷണം പോയിരുന്നത്.

അതോടെ വ്യാപാരികള്‍ കാവലേര്‍പ്പെടുത്തി. ഒരു മാസം മുമ്പ് വരെ ഒരു രൂപമാത്രമായിരുന്ന തക്കാളി മധ്യപ്രദേശിലെ കര്‍ഷകര്‍ വിലയിടിവിനെ തുടര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച് പോയിരുന്നു. എന്നാല്‍ ഇന്ന് ഏറ്റവും വില കൂടുതലുള്ള പച്ചക്കറിയായി തക്കാളി മാറി. ഒരാഴ്ച മുമ്പ് മുംബൈയില്‍ ട്രക്കുകള്‍ അക്രമിച്ച് 2600 കിലോ തക്കാളി കവര്‍ച്ച നടത്തിയിരുന്നു.

ഇതാണ് മൊത്തവ്യാപാരികളെ തക്കാളിക്ക് കാവലേര്‍പ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്ന് വ്യാപാരിയായ സന്തോഷ് നരാംഗ് പറഞ്ഞു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുമുള്ള ചില ഹോള്‍സെയില്‍ കടക്കാരും ഇപ്പോഴത്തെ സാഹചര്യത്തില്‍ സുരക്ഷാ ജീവനക്കാരെ വിന്യസിക്കുന്ന കാര്യം പരിഗണിച്ചുവരികയാണ്.