സുനന്ദ പുഷ്‌കറിന്റെ മരണം: അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്നു ഡല്‍ഹി പോലീസ്

single-img
23 July 2017

ന്യൂഡല്‍ഹി: ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് കോടതിയില്‍. സുനന്ദയുടെ മരണകാരണം ഇനിയും വ്യക്തമല്ലെന്നു ചൂണ്ടിക്കാട്ടിയാണു കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുന്നത്.

അതിനിടെ, കേസില്‍ സുബ്രഹ്മണ്യന്‍ സ്വാമിക്കെതിരെ സുനന്ദയുടെ മകന്‍ ശിവ് മേനോന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. തന്റെ മാതാവിന്റെ മരണത്തില്‍ സ്വാമിയുടെ അനാവശ്യ ഇടപെടലുകള്‍ ചൂണ്ടിക്കാട്ടിയാണ് ശിവ് മേനോന്‍ മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് പഹ്വ മുഖേന കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ 24ന് വാദം കേള്‍ക്കും. ജസ്റ്റീസ് ജി.എസ്. സിസ് താനി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ലീല പാലസ് ഹോട്ടലിലെ മുറി തുറന്നു കൊടുക്കാന്‍ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. നാലാഴ്ചയ്ക്കകം മുറി തുറന്നു കൊടുക്കാനാണു മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് പങ്കജ് ശര്‍മ ഉത്തരവിട്ടത്. ദിവസം 55,000 മുതല്‍ 61,000 വരെ വാടകയുള്ള മുറി മൂന്നു വര്‍ഷത്തിലേറെക്കാലമായി സീല്‍ ചെയ്തതുമൂലം 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഹോട്ടല്‍ അധികൃതര്‍ പറയുന്നു. 2014 ജനുവരി 17നാണു മുറി പൂട്ടി സീല്‍ ചെയ്തത്.