ദോക് ലാ സംഘര്‍ഷം: അജിത് ദോവലിന്റെ ചൈനാ സന്ദര്‍ശനം നിര്‍ണായകം

single-img
23 July 2017

ബെയ്ജിങ്: സിക്കിമിലെ ദോക് ലാം അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ ചൈനാ സന്ദര്‍ശനം നിര്‍ണായകമായേക്കും.
ഈ മാസം 27, 28 തീയതികളില്‍ ചൈനയില്‍ വച്ച് നടക്കുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തില്‍ ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദോവലിന്റെ ചൈനാ സന്ദര്‍ശനം എന്തുകൊണ്ടും നിര്‍ണായകമാണെന്നും ഇന്ത്യ- ചൈന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അത് സഹായകരമാണെന്ന മാ ജിയാലിയുടെ നിരീക്ഷണവും തീര്‍ത്തും ശ്രദ്ധേയമാണ്.

അതിര്‍ത്തിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ ലഘൂകരിക്കുന്നതിന് ഇത് ഇടയാക്കുമെന്നും സൈന്യത്തെ പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ ഇരുകൂട്ടരും നടത്തിയേക്കുമെന്നും മാ ജിയാലി പറഞ്ഞു. പ്രശ്നത്തില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇരുരാജ്യങ്ങളെയും അത് മോശമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്ക്കെതിരെ ചൈനീസ് മാധ്യമങ്ങള്‍ ഉള്‍പ്പെടെ ശക്തമായ നിലപാട് സ്വീകരിക്കുമ്പോളാണ് ജിയാലിയുടെ ഇത്തരമൊരു പ്രസ്താവനയെന്നത് ഓര്‍ക്കുക. ഇന്ത്യയുമായി ഒരു യുദ്ധമുണ്ടായാല്‍ അതിന് കാരണം ഹിന്ദുത്വവല്‍ക്കരണമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് നേരത്തെ രംഗത്ത് വന്നിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും തിരഞ്ഞെടുപ്പിനെ നേരിട്ടത് രാജ്യത്തിന്റെ ഹൈന്ദവ ദേശീയ വികാരങ്ങള്‍ മുതലെടുത്തായിരുന്നു എന്നും ആരോപിച്ച് പുതിയ ആരോപണങ്ങളിലൂടെ ചൈന പ്രകോപനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. എന്തൊക്കെയാണെങ്കിലും ബ്രിക്സ് യോഗത്തെ ഏറെ കരുതലോടെയാവും ഇന്ത്യന്‍ ജനത ഉറ്റുനോക്കുന്നത് എന്നത് വ്യക്തമാണ്, ഒപ്പം ഭൂട്ടാന്‍ എന്ന കൊച്ചുരാജ്യവും.