അഹിംസയിലൂടെയും ശത്രുവിനെ കീഴ്‌പ്പെടുത്താം; അസുരശക്തിയായ ചൈനയെ തുരത്താന്‍ മന്ത്രവിദ്യയുമായി ആര്‍എസ്എസ്!

single-img
23 July 2017

ന്യു ഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ അടിക്കടി വഷളായിക്കൊണ്ടിരിക്കെ ചൈനയെ തകര്‍ക്കാന്‍ പുതിയ മന്ത്രവിദ്യയുമായി ആര്‍എസ്എസ്. ഈ മന്ത്രം ദിവസവും അഞ്ച് പ്രാവശ്യം ചൊല്ലിയാല്‍ ചൈനയെ കീഴടക്കാമെന്നാണ് ആര്‍എസ്എസ് നിര്‍ദേശിക്കുന്നത്. ദിവസവും അതിരാവിലെ എണീറ്റ് അഞ്ച് പ്രാവശ്യമാണ് ഈ മന്ത്രം ചൊല്ലേണ്ടത്.

‘ഹിമാലയം, കൈലാസം, ടിബറ്റ് എന്നിവ ചൈനയുടെ അസുരശക്തിയില്‍ നിന്നും രക്ഷപ്പെടും’ ഇതാണ് ചൈനയെ തുരത്താന്‍ ആര്‍എസ്എസ് നിര്‍ദേശിച്ചിരിക്കുന്ന മന്ത്രം.

ഇത് കൂടാതെ എല്ലാ മതവിഭാഗത്തില്‍പ്പെട്ട ഇന്ത്യക്കാരും ചൈനീസ് ഉത്പന്നങ്ങള്‍ ഉപേക്ഷിച്ച് ചൈനീസ് മാര്‍ക്കറ്റിനെ തകര്‍ക്കണമെന്നും ആര്‍എസ്എസ് ആഹ്വാനം ചെയ്യുന്നു. പൂജാകര്‍മ്മങ്ങളിലും ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്.

അങ്ങനെ സര്‍വ്വവ്യാപിയായ ചൈനീസ് ഉത്പന്നങ്ങളെ ഇന്ത്യയില്‍ നിന്നും അപ്രത്യക്ഷമാക്കാമെന്നാണ് ആര്‍എസ്എസ് ഉപദേശിക്കുന്നത്. ചൈനീസ് നിര്‍മിതമാണെന്ന് അറിയാതെ ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന വസ്തുക്കളെ കുറിച്ച് ബോധവത്കരിക്കാനും ആര്‍എസ്എസ് ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദോക്ലാം അതിര്‍ത്തിയുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെയാണ് ലോകത്തെ ഏറ്റവും വലിയ ഉപഭോക്ത മാര്‍ക്കറ്റുകളില്‍ പ്രധാനിയായ ഇന്ത്യയില്‍ നിന്നും ചൈനയെ പുറത്താക്കി എതിരാളിയെ തകര്‍ക്കാമെന്ന് ആര്‍എസ്എസ് ആഹ്വാനം ചെയ്യുന്നത്. ഈ മന്ത്രം ചൈനയുടെ താത്പര്യങ്ങളെ കീഴപ്പെടുത്തി, ചൈനയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് ശക്തിപകരും എന്ന് ആര്‍എസ്എസ് പ്രചാരകനും ദേശീയ എക്‌സിക്ക്യൂട്ടിവ് അംഗവുമായ ഇന്ദ്രേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ചൈനയുടെ അടിസ്ഥാന സ്വഭാവം സാമ്രാജ്യത്വമാണ്. അക്രമസ്വഭാവമാണ് ചൈനയുടേത്. ഇന്ത്യയുമായുള്ള ചൈനയുടെ സംഘര്‍ഷം കാരണം, ഇന്ത്യയ്ക്ക് ഒരുപാട് സുഹൃത്തുക്കളെ ലഭിച്ചപ്പോള്‍, ചൈനയ്ക്ക് അത് നഷ്ടമായി. അക്രമരാഷ്ട്രീയം തുടരാന്‍ ഇന്ത്യക്കും ലോകരാഷ്ട്രങ്ങള്‍ക്കും താത്പര്യമില്ല. ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍, എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി അവര്‍ കയ്യേറി, ടിബറ്റ് കീഴടക്കി. ഇന്ത്യയുടെയും ഭൂട്ടാന്റെയും സൈനികരുടെ കഴിവ് കൊണ്ട് മാത്രമാണ് ദോക്ലാം കീഴടക്കാനുള്ള ചൈനയുടെ ശ്രമം പരാജയപ്പെട്ടതെന്നും’ ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

നയതന്ത്രം വഴി ഇതിനോടകം തന്നെ ഇന്ത്യ ചൈനയെ കീഴപ്പെടുത്തി കഴിഞ്ഞെങ്കിലും, ചൈനീസ് ഉത്പന്നങ്ങള്‍ക്ക് പകരം സ്വദേശി ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് വഴി ചൈനയെ കടന്നാക്രമിക്കാമെന്നും ഇന്ദ്രേഷ് കുമാര്‍ പറയുന്നു. പാകിസ്താന്‍ അടക്കമുള്ള രാജ്യങ്ങളും ചൈനയെ കൈവിട്ട് തുടങ്ങിയെന്നും ആര്‍എസ്എസ് വാദിക്കുന്നു.

ദീപാവലി, ഈദ്, ഗുരു പാര്‍വ് തുടങ്ങിയ ഒരു ആഘോഷത്തിനും ഇന്ത്യക്കാര്‍ ചൈനയില്‍ നിന്നുമുള്ള വസ്തുക്കള്‍ ഉപയോഗിക്കരുത്. യുദ്ധത്തിലൂടെ മാത്രമല്ല നമുക്ക് ചൈനയെ തോല്‍പ്പിക്കാനാവുക. അഹിംസയിലൂടെയും ചൈനയെ കീഴടക്കാം എന്നാണ് ആര്‍എസ്എസ് ആഹ്വാനം