പള്‍സര്‍ സുനിയെ കൊല്ലാനും ശ്രമം നടന്നു: ക്വട്ടേഷന്‍ നല്‍കിയത് ആര്?

single-img
22 July 2017

കൊച്ചി: നടിയെ ആക്രമിച്ച ശേഷം ഒളിവില്‍ പോയ പള്‍സര്‍ സുനിയെ വകവരുത്താന്‍ ശ്രമം നടന്നതായി അന്വേഷണ സംഘം. ജയിലിലെ കൂട്ടുപ്രതികളോട് സുനി ഇക്കാര്യം വെളിപ്പെടുത്തിയതായാണ് വിവരം. കോയമ്പത്തൂരിലെ ഗുണ്ടാസംഘങ്ങളുമായി വിജീഷിന് അടുപ്പമുണ്ടായതാണ് ക്വട്ടേഷനെക്കുറിച്ച് അറിയാന്‍ കാരണമെന്നും തമിഴ്‌നാട്ടിലെ ഗുണ്ടാസംഘങ്ങള്‍ക്ക് ലഭിച്ച ക്വട്ടേഷന്‍ വിജീഷിന് ചോര്‍ന്ന് കിട്ടിയതോടെ എത്രയും വേഗം കേരളത്തിലെത്തി കോടതിയില്‍ കീഴടങ്ങാന്‍ തീരുമാനിക്കുകയായിരുന്നെന്നുമാണ് റിപ്പോര്‍ട്ട്.

പിടികൂടുന്നതിന് മുന്‍പ് സുനിലിനെ വകവരുത്താന്‍ ശ്രമിച്ചതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. നടിയെ ഉപദ്രവിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയവര്‍ തന്നെയാണ് സുനിലിനും ക്വട്ടേഷന്‍ നല്‍കിയതെന്നാണ് സൂചന. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തും. അഡ്വക്കേറ്റ് പ്രതീഷ് ചാക്കോയുമായി സുനി ബന്ധപ്പെട്ടതും നടിയെ ഉപദ്രവിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയവരുടെ നിര്‍ദ്ദേശ പ്രകാരമാണ്.

ഇതിനു ശേഷമാണ് സുനി തമിഴ്‌നാട്ടിലേയ്ക്ക് കടന്നത്. നടിയെ ആക്രമിച്ച ശേഷം സുനി ഒരു വീടിന്റെ മതില്‍ ചാടി കടക്കുന്ന ദൃശ്യങ്ങളും ലഭിച്ചിരുന്നു. മതില്‍ ചാടി കടന്ന വീടിന്റെ സമീപത്തു താമസിക്കുന്ന കുടുംബവുമായി നടന്‍ ദിലീപിന്റെ കുടുംബാംഗത്തിന് അടുപ്പമുണ്ടായിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

പിന്നീട് ഒളിവില്‍ പോയ സുനില്‍ 23നു വൈകിട്ടാണ് എറണാകുളത്തെ അഡീ. ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങാനെത്തിയത്. അതിനു മുന്‍പ് ആലപ്പുഴയില്‍ സുനിലും വിജീഷും എത്തിയിരുന്നു. എന്നാല്‍ സുനിലിനെ വകവരുത്താന്‍ തമിഴ്‌നാട്ടിലെ ഗുണ്ടാസംഘം പിന്‍തുടരുന്നതായി വിവരം ലഭിച്ചതോടെ ഉടന്‍ കോടതിയില്‍ കീഴടങ്ങാനെത്തുകയായിരുന്നു. എന്നാല്‍ ഇതിനിടയിലാണ് പോലീസ് സുനിയെ പിടി കൂടിയത്.

അതേസമയം നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട കഥ പകുതിയേ ആയിട്ടുള്ളുവെന്ന് മുഖ്യപ്രതി സുനില്‍കുമാര്‍ അടുത്തിടെ പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന് ആലുവ ജയിലില്‍ കിടക്കുന്ന വിഐപി പറയട്ടെ എന്നും സംഭവത്തിനു പിന്നില്‍ വമ്പന്‍ സ്രാവുകള്‍ ഉണ്ടെന്നും സുനില്‍കുമാര്‍ കോടതിവളപ്പില്‍വെച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ഇങ്ങനെ സുനികുമാറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ സ്വന്തം ജീവന് ഭീഷണി ഉയര്‍ന്നതാണെന്നും പൊലീസ് സൂചന നല്‍കുന്നുണ്ട്.