വിൻസന്റ് എംഎൽഎ ജയിലിൽ: രാജിവെക്കില്ലെന്ന് വിൻസന്റ്

single-img
22 July 2017

തിരുവനന്തപുരം: തന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് കോവളം എംഎല്‍എ എം.വിന്‍സന്റ്. രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണ് താന്‍. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ സമ്മര്‍ദ്ദംമൂലമാണ് തന്നെ അറസ്റ്റ് ചെയ്തത്. എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്നും വിൻസന്റ് മാധ്യമങ്ങളോടു പറഞ്ഞു.

വടക്കാഞ്ചേരി പീഡനക്കേസിൽ പെൺകുട്ടിയുടെ മൊഴിയുണ്ടായിട്ടും സിപിഎം നേതാവിനെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള നിയമപോരാട്ടം ഇന്നുമുതൽ തുടങ്ങുകയാണെന്നും എംഎൽഎ പറഞ്ഞു. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോഴാണ് വിൻസന്റിന്റെ പ്രതികരണം.

നെയ്യാറ്റിന്‍കര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് കോവളം എംഎല്‍എയായ വിന്‍സെന്റിനെ പോലീസ് ഇന്ന് അറസ്റ്റ്‌ചെയ്ത്. എംഎല്‍എ ഹോസ്റ്റലില്‍ വെച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്.

തുടർന്ന് രണ്ടാഴ്ചത്തേക്ക് വിന്‍സെന്റിനെ നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. കോടതിയില്‍ എംഎല്‍എയെ ഹാജരാക്കിയില്ലെങ്കിലും പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് കോടതി റിമാന്‍ഡ് ചെയ്തത്. നെയ്യാറ്റിന്‍കര ജില്ലാ സബ്ജയിലിലേക്കാണ് വിന്‍സെന്റ് എംഎല്‍എയെ കൊണ്ടുപോയത്.

 

എംഎല്‍എയെ ഹാജരാക്കുന്നതറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്നു. മുദ്രാവാക്യങ്ങളുമായി എത്തിയ നൂറുകണക്കിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തളളുമുണ്ടായി. വിന്‍സെന്റ് എംഎല്‍എയെ കൊണ്ടുപോയ പൊലീസ് വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞതോടെ പൊലീസ് ലാത്തി വീശി.

 

തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്ന​ വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എം. വിൻസെന്റ് എംഎല്‍എയെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്.വീട്ടമ്മയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ ആത്മഹത്യ പ്രേരണ കുറ്റത്തിനാണ് എം.എൽ.എക്കെതിരെ ആദ്യം കേസെടുത്തുതെങ്കിലുംപിന്നീട് അന്വേഷണ ഉദ്യോഗസ്ഥയായ അജിത ബീഗത്തിനും നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റിനും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പീഡനത്തിന് കേസെടുക്കുകയായിരുന്നു.