ആരാധകരോട് ക്ഷമ പറഞ്ഞ് മോഹന്‍ലാല്‍

single-img
22 July 2017

എല്ലാ മാസവും ഇരുപത്തിയൊന്നാം തിയ്യതി മോഹന്‍ലാലിന്റെ ബ്ലോഗ് മലയാളികളെ തേടിയെത്തും. ഈ ബ്ലോഗുകള്‍ പലപ്പോഴും ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇടം നല്‍കാറുമുണ്ട്. എന്നാല്‍ ഇത്തവണ മോഹന്‍ലാലിന്റെ ബ്ലോഗ് ആരാധകരെ തേടിയെത്തിയില്ല. അതിന്റെ കാരണം പറഞ്ഞ് മോഹന്‍ലാല്‍ തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. ക്ഷമാപണവുമായാണ് താരം എത്തിയത്.

എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ, ഷൂട്ടിംഗ് തിരക്കുകള്‍ കാരണം ഇത്തവണയും എന്റെ ചിന്തകള്‍ കുറിക്കുന്നതിന് പറ്റിയ സ്ഥലമോ സമയമോ ലഭിച്ചില്ല. നിങ്ങളുടെ സ്‌നേഹവും പിന്തുണയും ഞാന്‍ വിലമതിക്കുന്നു. ഒപ്പം ഈ അവസ്ഥ മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത മാസം എഴുതാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും ബ്ലോഗിലൂടെയും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയും ലാല്‍ വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് മാസമായി മോഹന്‍ലാല്‍ ബ്ലോഗ് എഴുതുന്നില്ല. ഷൂട്ടിംഗ് തിരക്കുകളും മറ്റുമാണ് അതിന് കാരണമായി പറഞ്ഞത്. ഇത്തവണയും തനിക്ക് ബ്ലോഗ് എഴുതാന്‍ പറ്റിയില്ലെന്ന് താരം തന്റെ ബ്ലോഗിലൂടെത്തന്നെ വ്യക്തമാക്കി. എന്നാല്‍ സിനിമാ മേഖലയെ പിടിച്ചുകുലുക്കിയ പ്രശ്‌നങ്ങളില്‍ ലാല്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഇത്തവണ ബ്ലോഗിലൂടെയെങ്കിലും ഒരു പ്രതികരണം മലയാളികള്‍ പ്രതീക്ഷിച്ചിരുന്നു.

അതേസമയം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. ബി. ഉണ്ണികൃഷ്ണന്റെ ത്രില്ലര്‍ ചിത്രമായ വില്ലന്റെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. ബ്ലോഗ് എത്തിയില്ലെങ്കിലും മോഹന്‍ ലാലിന്റെ വ്യത്യസ്ഥ വേഷപകര്‍ച്ചയിലൊരുങ്ങുന്ന സിനിമകള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍