മെഡിക്കല്‍ കോഴയെ പ്രതിരോധിച്ച് സംസ്ഥാന ബിജെപി: തെറ്റ് ചെയ്തത് വ്യക്തിയാണ്, ഇതില്‍ പാര്‍ട്ടിക്ക് പങ്കില്ല

single-img
22 July 2017

തിരുവനന്തപുരം: ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുള്ള മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ വിവാദ ന്യായീകരണവുമായി ബിജെപി. ഈ സംഭവത്തില്‍ പാര്‍ട്ടിയല്ല, ഒരു വ്യക്തിയാണ് കുറ്റം ചെയ്തതെന്നാണ് ബിജെപിയുടെ പുതിയ കണ്ടെത്തല്‍.

തിരുവനന്തപുരത്ത് ചേര്‍ന്ന നേതൃയോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദേശീയ നിര്‍വാഹകസമിതി അംഗം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയാണ് ഇക്കാര്യം പറഞ്ഞത്. അതേസമയം വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പങ്കെടുക്കുകയുണ്ടായില്ല.

പാര്‍ട്ടിക്കെതിരെയുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. ബിജെപിക്ക് അഴിമതിയുടെ കറപുരണ്ട ഒന്നിനോടും സന്ധി ചെയ്യാനാവില്ല. മാധ്യമങ്ങളാണ് വെറുതെ വിവാദമുണ്ടാക്കുന്നത്. കുറ്റക്കാരെ പാര്‍ട്ടി ഒരിക്കലും സംരക്ഷിക്കില്ല. പാര്‍ട്ടി ചെയ്യുന്നതും വ്യക്തി ചെയ്യുന്നതും രണ്ടായി കാണണമെന്നും വ്യക്തിനിഷ്ടമായ സംഭവം മാത്രമാണ് ഇതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ക്രിമിനല്‍ കുറ്റമാണ് ബിജെപി സഹകരണ സെല്‍ കണ്‍വീനറായിരുന്ന ആര്‍.എസ്.വിനോദ് ചെയ്തത്. കുറ്റക്കാരനെന്ന് കണ്ടെത്തിയ നിമിഷത്തില്‍ തന്നെ അയാള്‍ക്കെതിരെ നടപടിയെടുത്ത് പാര്‍ട്ടി മാതൃക കാണിച്ചു. കൂടുതല്‍ തെളിവുകളുണ്ടെങ്കില്‍ എത്ര ഉന്നതരാണെങ്കിലും നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതൃത്വം വിഷയത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. കേരള നേതൃത്വം വേണ്ട റിപ്പോര്‍ട്ടുകള്‍ കേന്ദ്ര നേതാക്കള്‍ക്ക് നല്‍കും. കുറ്റം ചെയ്താല്‍ പാര്‍ട്ടി സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.