വ്യാജ രസീത് ഉപയോഗിച്ചും ബിജെപി നേതാക്കള്‍ കീശ വീര്‍പ്പിച്ചു: തട്ടിയത് കോടികള്‍

single-img
22 July 2017

ന്യൂഡല്‍ഹി: ബിജെപിയില്‍ ഗ്രൂപ്പ് പോര് മുറുകുമ്പോള്‍ പാര്‍ട്ടി നേതാക്കള്‍ കാലങ്ങളായി നടത്തിയ പല വെട്ടിപ്പുകളും മറനീക്കി പുറത്തുവരികയാണ്. മെഡിക്കല്‍ കോളേജ് കോഴ വിവാദം ഒരു ഭാഗത്ത് ശക്തമാവുമ്പോള്‍ പാര്‍ട്ടിയെ വീണ്ടും പ്രതിസന്ധിയിലാക്കിക്കൊണ്ട് നേതാക്കളുടെ മറ്റൊരു വെട്ടിപ്പിന്റെ കഥ കൂടി വെളിച്ചെത്തു വരികയാണ്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗണ്‍സിലിന്റെ മറവില്‍ വ്യാജ രസീതിലൂടെ കോടികള്‍ പിരിച്ച് നേതാക്കള്‍ കീശ വീര്‍പ്പിച്ചതാണിപ്പോള്‍ പുറത്തായിരിക്കുന്നത്.

കോഴിക്കോടു നടന്ന ദേശീയ കൗണ്‍സിലിന്റെ മറവില്‍ വ്യാജ രസീത് ഉപയോഗിച്ച് പിരിവ് നടത്തിയെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് കേന്ദ്ര നേതൃത്വം നേരിട്ട് അന്വേഷണം നടത്തിയാണു തെളിവുകള്‍ ശേഖരിച്ചത്. നേരത്തേ സംസ്ഥാന നേതൃത്വത്തിനു പരാതി ലഭിച്ചതിനെ തുടര്‍ന്നു സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണനെ അന്വേഷണ കമ്മിഷനായി നിയോഗിച്ചെങ്കിലും ആരോപണം ഒതുക്കിത്തീര്‍ത്തിരുന്നു. ഇതേ തുടര്‍ന്നാണ് ജില്ലയിലെ ചില നേതാക്കള്‍ കേന്ദ്രത്തെ നേരിട്ടു സമീപിച്ചത്.

തുടര്‍ന്ന് കേന്ദ്രനേതൃത്വം നടത്തിയ രഹസ്യാന്വേഷണത്തില്‍ ആരോപണങ്ങള്‍ ശരിയാണെന്നു കണ്ടെത്തി. പിരിവില്‍ കോഴിക്കോടു ജില്ലയിലെ ബിജെപി നേതാക്കളുടെ പങ്കും വ്യക്തമായിട്ടുണ്ട്. 10,000 മുതല്‍ 50,000 രൂപ വരെ വ്യാപാരികളില്‍നിന്നു വ്യാജ രസീതു നല്‍കി വാങ്ങുകയായിരുന്നു. വ്യാജ രസീത് അച്ചടിച്ച വടകരയിലെ പ്രസ് ഉടമയില്‍ നിന്നും ലഭിച്ച രേഖകളാണു കേന്ദ്രത്തിന്റെ അന്വേഷണത്തില്‍ നിര്‍ണായകമായത്. സംസ്ഥാന സമിതി അംഗം എം. മോഹനനാണു രസീത് അച്ചടിക്കാന്‍ ഏല്‍പ്പിച്ചതെന്നും മൊഴി ലഭിച്ചിട്ടുണ്ട്.

അന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍, കേന്ദ്രനേതൃത്വം ബന്ധപ്പെട്ട നേതാക്കളോടു വിശദീകരണം തേടും. സമ്മേളനത്തിന്റെ സാമ്പത്തികകാര്യ ചുമതലയുണ്ടായിരുന്ന ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ എന്നിവരോടാണു ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം ലാല്‍ വിശദീകരണം തേടുക. കശ്മീരിലായിരുന്ന ബി.എല്‍.സന്തോഷിനോട് അടിയന്തരമായി ഡല്‍ഹിയിലെത്താനും റാം ലാല്‍ ആവശ്യപ്പെട്ടു.

നേരത്തെ മെഡിക്കല്‍ കോളേജ് സീറ്റ് വിവാദത്തോടെയാണ് ബിജെപിയില്‍ ഗ്രൂപ്പ് പോര് ശക്തമായത്. മെഡിക്കല്‍ കോളജിനു കേന്ദ്ര മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം ലഭിക്കാന്‍ ബിജെപി സഹകരണസെല്‍ കണ്‍വീനര്‍ ആര്‍.എസ്.വിനോദ് കോളജ് ഉടമ ആര്‍.ഷാജിയില്‍ നിന്ന് 5.60 കോടി രൂപ കൈപ്പറ്റിയെന്ന് പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ കണ്ടെത്തുകയും വിനോദിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയുമായിരുന്നു. കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു അന്വേഷണം. പാര്‍ട്ടിക്കുള്ളിലെ ഇരുവിഭാഗങ്ങള്‍ ചരടുവലിച്ചായിരുന്നു ഈ സംഭവം കേന്ദ്രനേതൃത്വത്തിനു മുന്നില്‍ എത്തിച്ചത്.