ജോലി വാഗ്ദാനം ചെയ്തും ബിജെപി നേതാക്കള്‍ കോഴ വാങ്ങി: മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി തട്ടിയത് 10 ലക്ഷം

single-img
21 July 2017

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിനുവേണ്ടി കോടികള്‍ കോഴ വാങ്ങി എന്ന വാര്‍ത്തയ്ക്ക് പിന്നാലെ നിരവധി ആരോപണങ്ങളാണ് ബിജെപി നേരിടുന്നത്. റാങ്ക് ലിസ്റ്റ് കോഴയാണ് ബിജെപിക്കെതിരെ പുതുതായി ഉയര്‍ന്നിരിക്കുന്നത്. ബിജെപി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി രശ്മില്‍ നാഥ് ബാങ്ക് ടെസ്റ്റ് റാങ്ക് ലിസ്റ്റില്‍ ഉള്‍പെടുത്താനെന്ന വ്യാജേന കോഴ വാങ്ങിയെന്ന പരാതിയാണ് പുറത്തുവന്നിരിക്കുന്നത്. കൈരളി പീപ്പിളാണ് വാര്‍ത്തപുറത്തു വിട്ടത്.

മഞ്ചേരി സ്വദേശിയായ ഔസേപ്പില്‍ നിന്ന് 10 ലക്ഷം രൂപയാണ് രശ്മില്‍ നാഥ് കൈക്കൂലി വാങ്ങിയത്. ബാങ്ക് ജോലിക്കുള്ള റാങ്ക് പട്ടികയിലുള്‍പ്പെട്ട മകനുവേണ്ടി ജോലി വേഗത്തില്‍ തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞായിരുന്നു കോഴ. പത്തുലക്ഷം രൂപയുടെ തട്ടിപ്പുകേസായതിനാല്‍ സിഐ നേരിട്ട് കേസെടുത്ത് അന്വേഷണവും ആരംഭിച്ചു. കേസിനെക്കുറിച്ച് മാധ്യമങ്ങളോട് പറയരുതെന്നും പണം പൂര്‍ണമായും തിരിച്ചുനല്‍കാമെന്നും നേതാക്കള്‍ ഔസേപ്പിനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

ബിജെപി നേതാക്കള്‍ ഇടപെട്ട് കേസൊതുക്കാന്‍ ശ്രമം നടത്തിയെങ്കിലും ആദ്യഘട്ടത്തില്‍ ഫലം കണ്ടില്ല. ഇതിനിടെ ഒരു ജില്ലാ കമ്മിറ്റി അംഗം തന്നെ നേരിട്ട് കമ്മിറ്റിയ്ക്ക് പരാതി നല്‍കിയതോടെ പരിഗണിക്കാതിരിക്കാന്‍ ജില്ലാ കമ്മിറ്റിക്കു കഴിഞ്ഞില്ല. രണ്ടംഗ അന്വേഷണ കമ്മിഷനെ ഇതിനായി ബിജെപി ചുമതലപ്പെടുത്തി. അംഗങ്ങളാരൊക്കെയെന്ന് നിശ്ചയിച്ചിട്ടില്ല. പരാതിയെക്കുറിച്ച് ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിയെയും ധരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ താനൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു രശ്മില്‍ നാഥ്.