“ഒരു രൂപ നോട്ടു കൊടുത്താൽ ഒരു ലക്ഷം കൂടെ പോരും” – ഇഷ്ടതാരങ്ങൾ ഗായകർ ആകുമ്പോൾ!!!

single-img
21 July 2017

ലക്ഷ്മി സി

ഗാനങ്ങളിലാത്ത ഒരു ചിത്രത്തെക്കുറിച്ചു സങ്കല്പിച്ചു നോക്കൂ, പ്രത്യേകിച്ചു മലയാള സിനിമയുടെ കാര്യത്തിൽ. സിനിമയെ നമ്മൾ ഇഷ്ടപ്പെടുന്നത് അതിലെ ഗാനങ്ങളിലൂടെയും കൂടിയാണ്. ഇനി സിനിമ അല്പം മോശമാണെങ്കിലും ഗാനങ്ങൾ കൊണ്ടു ശ്രദ്ധ ആകർഷിച്ച എത്രയേറെ സിനിമകളുണ്ട് മലയാളത്തിൽ തന്നെ. അതും നമ്മുടെ ഇഷ്ടതാരങ്ങൾ തന്നെ ഗായകർ ആയാലോ? പിന്നെ പറയുകയേ വേണ്ട. ആ സിനിമ പ്രദർശനത്തിന് എത്തുന്നതിനു മുൻപേ അതിലെ ഗാനങ്ങൾ ഹിറ്റായി കഴിയും. സിനിമയിലെ ഒരു വിപണനതന്ത്രം കൂടിയാണ് അത്. സിനിമക്കുള്ളിലെ ഈ ഗായകർ ആരൊക്കെ എന്നു നോക്കാം…

ആദ്യം നമ്മുടെ ലാലേട്ടനിൽ നിന്നും തന്നെ ആകാം. ‘കണ്ടു കണ്ടറിഞ്ഞു’ എന്ന ചിത്രത്തിലെ “നീ അറിഞ്ഞോ മേലെ മാനത്തു ” തുടങ്ങി ‘റൺ ബേബി റണ്ണി’ലെ “ആറ്റുമണൽ പായലിൽ ” വരെ എത്തിനിൽക്കുന്നു ലാലേട്ടൻറെ ഗാനാലാപനം. തന്റെ ചിത്രത്തിനു വേണ്ടി മാത്രമല്ല, മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തിയ “കണ്ണ് എഴുതി പൊട്ടും തൊട്ട് ” എന്ന ചിത്രത്തിന് വേണ്ടിയും ലാലേട്ടൻ പാടിയിട്ടുണ്ട്. “കൈതപ്പൂവിൻ കന്നികുറുമ്പിൽ തൊട്ടു തൊട്ടില്ല” ഈ ഗാനം ഇന്നും മൂളാത്ത മലയാളികൾ ഉണ്ടാകില്ല. “കാടുമേ നാടുമെല്ലാം കാക്കും” (ചിത്രം), “എ ഇ ഐ ഒ “(ഏയ് ഓട്ടോ), “തീർച്ചയില്ല” (ഉസ്താദ്), “കറുകറെ കറുത്തൊരു പെണ്ണാണ്” (ബാലേട്ടൻ), “നാത്തൂനേ നാത്തൂനേ” (ഒരു നാൾ വരും) ഇവയെല്ലാം മോഹൻലാൽ എന്ന നടനു അഭിനയം മാത്രമല്ല സംഗീതവും വഴങ്ങും എന്നതിന് തെളിവുകളാണ്.

ലാലേട്ടനെപോലെ ഡാൻസ് വഴങ്ങില്ല എങ്കിലും സംഗീതത്തിൽ ഒരു കൈ നോക്കിയിട്ടുണ്ട് നമ്മുടെ മമ്മൂക്കയും. ‘പല്ലാവൂർ ദേവനാരായണനി’ലെ “പൊലിയോ പൊലി”, കുട്ടി സ്രാങ്കിലെ “ആരണ്ടും കൂറുക്കുട്ടി”, ജവാൻ ഓഫ് വെള്ളിമലയിലെ “ഒന്നാം കുന്നുമേ”.

ആക്ഷൻ ഹീറോ സുരേഷ് ഗോപിയും പാട്ടിൻറെ കാര്യത്തിൽ പുറകിലല്ല. “ഒരു കുലപ്പൂപോലെ കൈയില് മുറുകുന്ന ധവളശിരസ്സ്” എന്ന് തുടങ്ങുന്ന ‘പ്രണയവർണങ്ങളി’ലെ ഗാനം നമ്മുടെ ആക്ഷൻ ഹീറോ പാടിയതാണ്. ഒടുവിലായി പാടിയത് 2015 പുറത്തിറങ്ങിയ “മഷിത്തണ്ട് ” എന്ന ചിത്രത്തിലെ “മനസൊരു മഷിത്തണ്ട് ” എന്ന ഗാനമാണ്.

നാടൻപാട്ടിലൂടെ സിനിമയ്ക്കു പുതിയൊരു സംഗീതാസ്വാദനം നൽകിയ നടനായിരുന്നു കലാഭവൻ മണി. തൻറെ ചിത്രത്തിനു വേണ്ടിയും അല്ലാതെയുമൊക്കെ മണി പാട്ടുകൾ പാടി. കരുമാടിക്കുട്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, അനന്തഭദ്രം എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിൽ മറ്റൊരു മണിയെയാണ് കേൾക്കാൻ കഴിഞ്ഞത്. ഒരേ ശൈലിയിലെ ഒട്ടേറെ ഗാനങ്ങളും മണിയുടേതായിട്ടുണ്ട്. ആകാശത്തിലെ പറവകൾ, ബാംബൂ ബോയ്സ്, ആണ്ടവൻ, ദ ഗാർഡ്, കണ്മഷി, ബെൻ ജോൺസൺ ഇങ്ങനെ നീണ്ടുപോകുന്നു മണിയുടെ സോങ്സ് ലിസ്റ്റ്.

യുവതാരങ്ങളിൽ പൃഥ്വിരാജ്, ഇന്ദ്രജിത്, ജയസൂര്യ, ദുൽഖർ, വിനീത് ശ്രീനിവാസൻ, നസ്രിയ, രമ്യ നമ്പീശൻ, കാവ്യ മാധവൻ, മംമ്ത മോഹൻദാസ്, അപർണ ഇങ്ങനെ പോകുന്നു പേരുകൾ.

തീർത്തും താരകുടുംബത്തിൽ നിന്നൊരു രംഗപ്രവേശനം ആയിരുന്നു പൃഥ്വിയുടെയും ഇന്ദ്രൻറെയും. തൻറെ ചിത്രമായ “പുതിയ മുഖ” ത്തിലൂടെ പൃഥ്വിരാജിൻറെ മറ്റൊരു മുഖം മലയാളി പ്രേക്ഷകർക്ക് മുന്നിൽ വെളിപ്പെടുകയായിരുന്നു. ” സൂര്യ മുഖം, ഇനിയൊരു പുതിയ മുഖം” എന്ന ഗാനം പ്രേക്ഷക സ്വീകാര്യത നേടി. “ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ” എന്ന വിനയൻ ചിത്രത്തിൽ വില്ലനായി അഭിനയ ജീവിതത്തിനു അരങ്ങേറ്റം കുറിച്ച ഇന്ദ്രജിത്, മുല്ലവള്ളിയും തേന്മാവും എന്ന ചിത്രത്തിൽ അഭിനയത്തോടൊപ്പം ആലാപനവും ഏറ്റെടുത്തു. സഹോദരനായ പൃഥ്വിരാജിനും ജയസൂര്യക്കുമൊപ്പം “അമർ അക്ബർ അന്തോണി” യിലെ “പ്രേമം എന്നാൽ എന്താണ് പെണ്ണെ” എന്ന കിടിലൻ പാട്ടു വരെ എത്തിനിൽക്കുന്നു അത്.

ജയസൂര്യ എന്ന നടൻറെ വളർച്ചക്കു വളരെ പെട്ടന്നാണ് മലയാള സിനിമ സാക്ഷ്യം വഹിച്ചത്. ഇമ്മിണി നല്ലൊരാൾ എന്ന തൻറെ ചിത്രത്തിലെ “കോമളവല്ലി നല്ല ” എന്ന ഗാനത്തിലൂടെയാണ് പിന്നണി ഗായകനായി ജയസൂര്യ രംഗപ്രവേശനം ചെയുന്നത്. പുണ്യാളൻ അഗർബത്തിസിലെ “ആശിച്ചവൻ ആളാകാനൊരു”, അമർ അക്ബർ അന്തോണിയിലെ “പ്രേമം എന്നാൽ എന്താണ് പെണ്ണെ” തുടങ്ങിയ ഗാനങ്ങൾ ജയസൂര്യ പാടിയവയാണ്. സ്വന്തം ചിത്രങ്ങൾക്കു പുറമെ “പാവാട ” എന്ന പ്രിഥ്വിരാജ് ചിത്രത്തിലും ജയസൂര്യ പാടിയിട്ടുണ്ട്. “കുരുത്തക്കേടിൻറെ കൂടാണേ” എന്ന് തുടങ്ങുന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുകയും ചെയ്തു.

ഗായകനായി പേരെടുത്തതിനു ശേഷമാണ് നായകനിലേക്കുള്ള വിനീതിൻറെ യാത്രയുടെ തുടക്കം. കിളിച്ചുണ്ടൻ മാമ്പഴം എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് പിന്നണി ഗായകൻ എന്ന നിലയിലേക്കുള്ള വിനീതിന്റെ ചുവടുവെയ്പ്. “സൈക്കിൾ” എന്ന തന്റെ കന്നിചിത്രം മുതൽ “ഒരു സിനിമാക്കാരൻ” വരെയുള്ള അഭിനയ ജീവിതത്തിൽ തനിക്കു വേണ്ടിയും മറ്റു നായകന്മാർക്കു വേണ്ടിയും വിനീത് പാടിയിട്ടുണ്ട്. എന്തിനേറെ പറയുന്നു സ്വന്തം അച്ഛനു വേണ്ടിയും പാട്ടു പാടി ഹിറ്റാക്കിയിട്ടുണ്ട്. “കരളേ കരളിന്റെ കരളേ” എന്ന ഗാനത്തിലെ രംഗങ്ങളിൽ അച്ഛനാണ് (ശ്രീനിവാസൻ) നായകൻ എങ്കിലും ആ പാട്ടിൻറെ പ്രശസ്തിക്കും സ്വീകാര്യതയ്ക്കും മറ്റൊരു കാരണം കൂടിയില്ലേ ? അച്ഛനു വേണ്ടി മകൻ പാടിയ പാട്ടു എന്ന ഖ്യാതി ! സൂപ്പർതാരങ്ങൾക്കും യുവതാരങ്ങൾക്കും വേണ്ടി ഒരു പിടി ഹിറ്റ് പാട്ടുകൾ പാടി കഴിഞ്ഞാണു വിനീത് നായകൻറെ കുപ്പായം അണിഞ്ഞത്. അയാൾ ശശി എന്ന തൻറെ ഏറ്റവും പുതിയ ചിത്രത്തിൽ അച്ഛനും (ശ്രീനിവാസൻ) പാടിയിട്ടുണ്ട്.

അച്ഛനു വേണ്ടി പാടിയ മകൻ വേറെയുമുണ്ട് നമ്മുടെ മലയാള സിനിമയിൽ, കുഞ്ഞിക്ക എന്നും ഡിക്യു എന്നുമൊക്കെ ആരാധകരും സിനിമ പ്രേമികളും വിളിക്കുന്ന ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ “മംഗ്ലീഷ്” എന്ന ചിത്രത്തിൽ ദുൽഖർ പാടിയിട്ടുണ്ട്. “ജോണി മോനെ ജോണി”, “ചുന്ദരി പെണ്ണെ”, അമൽ നീരദിന്റെ CIA യിലെ “വാനം തിളക്കണു”, “കേരള മണ്ണിനായി” തുടങ്ങിയ ഗാനങ്ങൾ മലയാളത്തിൻറെ സ്വന്തം കുഞ്ഞിക്കയുടെ ഹിറ്റ് ലിസ്റ്റിൽ ഉള്ളവയാണ്.

മലയാള സിനിമയുടെ ഹാസ്യസാമ്രാട്ടായ അടൂർ ഭാസിയും ഒരു നല്ല ഗായകൻ ആയിരുന്നു. “ഒരു രൂപ നോട്ടു കൊടുത്താൽ ഒരു ലക്ഷം കൂടെ പോരും”, “തള്ളു തള്ളു തല്ലിപ്പൊളി വണ്ടി ” മറക്കാൻ കഴിയുമോ ആ കാലം..

ഹാസ്യ വേഷങ്ങൾ കൈകാര്യം ചെയ്യാൻ മാത്രം അല്ല പാടാനും കഴിയുമെന്നു തെളിയിച്ചിട്ടുള്ള ഹാസ്യ താരങ്ങളാണ് ഇന്ദ്രൻസ്, ജഗദീഷ്, ജഗതി. കഥാനായകൻ, കഥാവശേഷൻ എന്നീ സിനിമകൾക്കു വേണ്ടി ഇന്ദ്രൻസും ചക്കരയുമ്മ, ബന്ധുക്കൾ ശത്രുക്കൾ, ഉത്സവമേളം, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, ഹായ്, മോസ് & കാറ്റ് എന്നീ ചിത്രങ്ങൾക്കു വേണ്ടി ജഗതിയും പാടിയിട്ടുണ്ട്. പ്രായിക്കര പാപ്പാൻ, ബ്രിട്ടീഷ് മാർക്കറ്റ്, അച്ചാമ്മക്കുട്ടിയുടെ അച്ചായൻ, കല്യാണക്കുറിമാനം, ദി സ്റ്റാർസ് എന്നീ ചിത്രങ്ങൾക്കു വേണ്ടി ജഗദിഷും പാടിയിട്ടുണ്ട്.

ഒരു കാലത്തു കഥ, തിരക്കഥ, സംഭാഷണം, സംവിധാനം – ബാലചന്ദ്ര മേനോൻ എന്ന് എഴുതികാണിച്ചാൽ മാത്രം മതി ജനം തിയേറ്ററിൽ ഇരച്ചു കയറിയിരുന്നു. സംവിധായകൻറെ റോളിൽ മാത്രമല്ല ഗായകൻ എന്ന നിലയിലും അദ്ദേഹം പേരെടുത്തിട്ടുണ്ട്. “ആനകൊടുത്താലും കിളിയെ ആശകൊടുക്കാമോ” ഇന്നും മലയാളികൾ മറക്കില്ല “ഒരു പൈങ്കിളി കഥ” യിലെ ഈ ഗാനം. ഞങ്ങളുടെ കൊച്ചു ഡോക്ടർ, എൻറെ അമ്മു നിൻറെ തുളസി അവരുടെ ചക്കി, കൃഷ്ണഗോപാലകൃഷണ എന്നീ ചിത്രങ്ങളിലും അദ്ദേഹം പാടിയിട്ടുണ്ട്.

സിനിമ – സംഗീത പാരമ്പര്യമുള്ള കുടുംബങ്ങളിൽ നിന്നു അഭിനയത്തിലേക്ക് കടന്നവരാണ് മനോജ് കെ ജയനും മുരളി ഗോപിയും. കർണാടിക് സംഗീതജ്ഞരായ ജയാ-വിജയന്മാരുടെ കുടുംബത്തിൽ നിന്നും അഭിനയത്തിലേക്ക് കടന്നു വന്ന വ്യക്തിയാണ് മനോജ് കെ ജയൻ. ഭരത് ഗോപിയുടെ മകൻ എന്ന മേൽവിലാസം കൂടാതെ സ്വന്തമായൊരു അടിത്തറ പണിതുയർത്താൻ കഴിഞ്ഞ താരമാണ് മുരളി ഗോപി. സായിവർ തിരുമേനി, ഒന്നും മിണ്ടാതെ എന്നീ ചിത്രങ്ങൾക്കു വേണ്ടി മനോജ് കെ ജയനും രസികൻ, ലെഫ്റ് റൈറ്റ് ലെഫ്റ്, കാഞ്ചി, ഒൺ ബൈ ടു, പ്രേമം, പാവ, ലുക്കാ ചുപ്പി എന്നിവയ്ക്കു വേണ്ടി മുരളി ഗോപിയും പാടിയിട്ടുണ്ട്.

ന്യൂജെനെറേഷൻ ചിത്രങ്ങൾ ഇന്നേറെ ചർച്ച ചെയ്യപ്പെടാറുള്ള ഒന്നാണ്. അവയെകുറിച്ചു പറയുമ്പോൾ ശബരീഷ് വർമ്മയെക്കുറിച്ച് പറയാതെ വയ്യ. ഗാനരചയിതാവ് എന്നതിനൊപ്പം നല്ലൊരു ഗായകൻ കൂടിയാണ് ശബരീഷ്. നേരം, പ്രേമം, ഡബിൾ ബാരൽ, അനുരാഗ കരിക്കിൻ വെള്ളം, റോക്സ്റ്റാർ എന്നി ചിത്രങ്ങൾക്കു വേണ്ടി ഗാനരചന നിർവഹിച്ച ശബരീഷ് നേരം, പ്രേമം, ഡബിൾ ബാരൽ എന്നിവയ്ക്കു വേണ്ടി പാടുകയും ചെയ്തു. കൂടാതെ അൽഫോൻസ്
പുത്രൻറെ നേരം, പ്രേമം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.

അച്ചായൻസിലെ “അനുരാഗം പുതുമഴപോലെ” പാടി ഉണ്ണി മുകുന്ദനും ഈ ശ്രേണിയിലേക്കു ചേർക്കപ്പെട്ടു.

ഗായികമാരായ നായികമാരിലേക്കു കടന്നാലോ, മംമ്ത മോഹൻദാസ്, രമ്യ നമ്പീശൻ,അപർണ ബാലമുരളി, നസ്രിയ, മൈഥിലി, കാവ്യ മാധവൻ ഇങ്ങനെ പോകുന്നു പേരുകൾ.

മലയാളത്തിലും അന്യഭാഷാ ചിത്രങ്ങളിലും ഗായിക എന്ന പേര് നേടിയെടുത്ത നായികയാണ് മംമ്ത. മലയാളത്തിൽ അൻവർ, അരികെ, ദി ത്രില്ലർ, മുല്ലശേരി മാധവൻകുട്ടി നേമം പി ഒ, ആടുപുലിയാട്ടം എന്നീ ചിത്രങ്ങൾക്കു വേണ്ടി പാടിയിട്ടുണ്ട്. ഇവയിൽ അൻവർ, അരികെ എന്നീ ചിത്രങ്ങൾ മംമ്ത നായിക വേഷത്തിലെത്തിയവയാണ്. വിജയ് നായകനായ വില്ല് എന്ന തമിഴ് ചിത്രത്തിലെ “ഡാഡി മമ്മി” എന്ന ഗാനം ഗായിക എന്ന നിലയിൽ വലിയ സ്വീകാര്യതയാണ് താരത്തിന് നേടിക്കൊടുത്തത്.

“മുത്ത് ചിപ്പിപ്പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം” തൻറെ പ്രണയിനിക്കെഴുതിയ പ്രേമലേഖനവും അതിനുള്ള പ്രണയിനിയുടെ മറുപടിയും അതിൽ നിറയുന്ന വൈകാരിതയും എത്ര മനോഹരമായാണ് വിനീത് ദൃശ്യവത്കരിചിരിക്കുന്നത്, ഒപ്പം രമ്യയുടെ വ്യത്യസ്തമായ സ്വരം കൂടിയായപ്പോൾ സിനിമയിലെ പ്രണയം, പ്രേക്ഷക ഹൃദയങ്ങളിലും നിറയുകയായിരുന്നു. ‘ബാച്ച്ലർസ് പാർട്ടി’യിലെ “വിജന സുരഭി”, ഇവൻ മേഘരൂപനിലെ “ആണ്ടെ ലോണ്ടെ നേരെ കണ്ണില്”, അരികിൽ ഒരാളിലെ “കനവിൽ കനവിൽ”, അടി കപ്യാരെ കൂട്ടമണിയിലെ “ഉല്ലാസഗായികേ”, ഇങ്ങനെ ഓർത്തിരിക്കുന്ന ഒരുപിടി ഗാനങ്ങൾ രമ്യയുടേതായിട്ടുണ്ട്. മലയാളത്തെ കൂടാതെ തമിഴ്-തെലുങ്ക് സിനിമകൾക്കു വേണ്ടിയും പാടിയിട്ടുണ്ട് രമ്യ നമ്പീശൻ.

മഹേഷിൻറെ പ്രതികാരത്തിലെ ജിംസിയായി വന്നു മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ യുവതാരം അപർണ ബാലമുരളി നല്ലൊരു ഗായിക കൂടിയാണ്. മഹേഷിൻറെ പ്രതികാരത്തിലെ “മൗനങ്ങൾ മിണ്ടുമൊരെ “, ഒരു മുത്തശ്ശി ഗദയിലെ “തെന്നൽ നിലാവിൻറെ”, പാവയിലെ “വിണ്ണിൽ തെളിയും മേഘമേ”, “8 തോട്ടകൾ” എന്ന തൻറെ കന്നി തമിഴ് ചിത്രത്തിലെ “മന്നിപ്പായ എന്ന” ഗാനങ്ങൾ അപർണ പാടിയവയാണ്. ഈ അടുത്തിടെ റിലീസായ ആസിഫ് അലി – അപർണ ചിത്രം “സൺ‌ഡേ ഹോളിഡേ” യിലെ “മഴ പാടും….” എന്നു തുടങ്ങുന്ന ഗാനം അരവിന്ദ് വേണുഗോപാലിനൊപ്പം പാടിയിരിക്കുന്നതും അപർണയാണ്.

മലയാളത്തിൻറെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും സംഗീതത്തിൽ ഒരു കൈ നോക്കിയിട്ടുണ്ട്. ഗാനഗന്ധർവൻ യേശുദാസിനും കലാഭവൻ മണിക്കുമൊപ്പം കണ്ണെഴുതി പൊട്ടും തൊട്ടിലെ “ചെമ്പഴുക്ക ചെമ്പഴുക്ക ചക്കര ചെമ്പഴുക്ക” എന്ന ഗാനമാണ് മഞ്ജു പാടിയത്. മഞ്ജു കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമായിരുന്നു കണ്ണെഴുതി പൊട്ടും തൊട്ട്. മഞ്ജു നായികയായി എത്തിയ “ജോ ആൻഡ് ദ ബോയി”ലും മാസ്റ്റർ സനൂപിനൊപ്പം താരം പാടിയിട്ടുണ്ട്.

മൈഥിലി പ്രധാന കഥാപാത്രമായി എത്തിയ “മാറ്റിനി” യിലെ “മൗനമായി മനസ്സിൽ ” എന്ന ഗാനം മലയാളസിനിമയിലെ ശാലീനസുന്ദരി കാവ്യയാണ് പാടിയിരിക്കുന്നത്. നിഷാൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഹാദിയയിലും കാവ്യ പാടി. വൺ വേ ടിക്കറ്റ് (ഖൽബിനുള്ളിലൊരു..), ആകാശവാണി(കാലം നീയങ്ങു പോയോ..) എന്നീ ചിത്രങ്ങൾക്കു വേണ്ടി ഒരു ഗാനരചയിതാവിൻറെ കുപ്പായവും കാവ്യ അണിഞ്ഞു. കാവ്യ തൻറെ കവിതകൾ കോർത്തണക്കി 2012ൽ “കാവ്യദളങ്ങൾ” എന്ന സംഗീത ആൽബം പുറത്തിറക്കിയിരുന്നു.
“കാവ്യദളങ്ങൾ” എന്ന തൻറെ ആൽബത്തിലൂടെ വളരെയേറെ പ്രേക്ഷകപ്രശംസയും താരം നേടിയിരുന്നു.

മലയാളത്തിൻറെ ഹിറ്റ് മേക്കർ ഗോപി സുന്ദറിൻറെ സംഗീതത്തിൽ നമ്മുടെ നസ്രിയയും പാടിയിട്ടുണ്ട്. തൻറെ തന്നെ ചിത്രങ്ങളായ സലാല മൊബൈൽസ് (ഉമ്മച്ചി റാപ് – ല ല ലസ) , ബാംഗ്ലൂർ ഡേയ്സ് (എൻറെ കണ്ണിൽ നിനക്കായി ) എന്നിവക്കുവേണ്ടിയാണ് നസ്രിയ പാടിയത്.

മോഹൻലാൽ – രഞ്ജിത് ചിത്രമായ ‘ലോഹത്തി’ൽ പാലേരിമാണിക്യം മൈഥിലിയും 100 ഡിഗ്രി സെൽഷ്യസ് എന്ന ചിത്രത്തിനായി ഭാമ, ശ്വേത, മേഘ്ന രാജ്, അനന്യ എന്നിവർ ചേർന്നും ഓരോ ഗാനം വീതം പാടിയിട്ടുണ്ട്.

അന്നയും റസൂലും എന്ന രാജീവ് രവി ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നു വന്ന അയലത്തെ സുന്ദരിയാണ് ആൻഡ്രിയ. ലോഹം, ലണ്ടൻ ബ്രിഡ്ജ് , തോപ്പിൽ ജോപ്പൻ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം അഭിനയിച്ച ആൻഡ്രിയ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി അനേകം ഗാനങ്ങളും പാടിയിട്ടുണ്ട്. ഹൃദയസ്പർശിയായ പ്രണയകഥ അവതരിപ്പിച്ച അന്നയും റസൂലിലെയും “കണ്ടോ കണ്ടോ” എന്ന ഗാനം ആൻഡ്രിയ പാടിയതാണ്. മോഹൻലാൽ ചിത്രം ‘പെരുച്ചാഴി’ക്കു(പോ മോനെ ദിനേശാ) വേണ്ടിയും ആൻഡ്രിയ പാടിയിട്ടുണ്ട്. പ്രേക്ഷകകർ നെഞ്ചിലേറ്റിയ വിജയ് ചിത്രം തുപ്പാക്കിയിലെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയ “ഗൂഗിൾ ഗൂഗിൾ ” ഗാനം പാടിയിരിക്കുന്നതും ആൻഡ്രിയയാണ്.

വിനീത് ശ്രീനിവാസൻറെ പാത പിന്തുടർന്നു വന്നതെന്നു വേണമെങ്കിൽ റിമിയുടെ സിനിമയിലേക്കുള്ള എൻട്രിയെ വിശേഷിപ്പിക്കാം. ബൽറാം vs താരാദാസ്, കുഞ്ഞിരാമായണം, കാര്യസ്ഥൻ, 916 എന്നീ ചിത്രങ്ങളുടെ ഗാനരംഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ആഷിക് അബുവിൻറെ “അഞ്ചു സുന്ദരികൾ” ലിലൂടെ “ഗൗരി” എന്ന കഥാപാത്രമാണ് ആദ്യമായി ചെയുന്നത്. തുടർന്ന് കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത “തിങ്കൾ മുതൽ വെള്ളി” യിൽ, ഒരു മുഴുനീള വേഷം ചെയ്യുകയുണ്ടായി. പിന്നണി ഗായിക എന്നതിൽ നിന്നും സിനിമതാരം എന്നതിലേക്കുള്ള ചുവടുമാറ്റം വേണ്ടത്ര വിജയിച്ചോ എന്നു കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

അഭിനയം മാത്രമല്ല നമ്മുടെ താരങ്ങൾക്കു സംഗീതവും വഴങ്ങും.