ബിജെപിയെ വെട്ടിലാക്കി വെള്ളാപ്പള്ളി: ‘പല നേതാക്കളും കൈക്കൂലി വാങ്ങി; പണം കിട്ടാത്തവര്‍ ചാരപ്രവൃത്തി നടത്തി’

single-img
20 July 2017

തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദത്തില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പല നേതാക്കള്‍ക്കും കൈക്കൂലി കിട്ടിയിട്ടുണ്ട് എന്നത് സത്യമാണ്. പണം കിട്ടാത്തവര്‍ ചാരപ്രവൃത്തി നടത്തിയാണ് ഈ വിവരം പുറത്താക്കിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വലിയ കളികളാണ് ബിജെപി സംസ്ഥാന ഘടകത്തില്‍ നടക്കുന്നത്. ഓരോരുത്തരും പലയിടപാടുകളില്‍ കോഴ വാങ്ങിയിട്ടുണ്ട്. കേന്ദ്ര നേതൃത്വത്തില്‍ ചില ഉപജാപങ്ങള്‍ സൃഷ്ടിച്ചാണ് സംസ്ഥാനത്തെ നേതാക്കള്‍ പാര്‍ട്ടിയെ നയിക്കുന്നത്. ആരോപണത്തില്‍ വ്യക്തമായ മറുപടി നല്‍കാനുള്ള ബാധ്യത സംസ്ഥാന നേതൃത്വത്തിനുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ഇടപെട്ട് കേരളത്തിലെ ബിജെപി ഘടകത്തില്‍ ശുദ്ധീകരണം നടത്തണം. സംസ്ഥാന നേതാക്കള്‍ അഴിമതിയില്‍ മുങ്ങിക്കുളിക്കുമ്പോള്‍ നാറുന്നത് മോദിയാണെന്ന് അവര്‍ ഓര്‍ക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഈ നിലയില്‍ ബിഡിജെഎസ്‌ എന്‍ഡിഎയില്‍ തുടരണമോ എന്ന് അവര്‍ തീരുമാനിക്കട്ടെ എന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.