‘മെഡിക്കല്‍ കോഴ’യില്‍ കുമ്മനത്തിനെതിരെ പടയൊരുക്കം: ശക്തമായ നടപടിയെടുക്കണമെന്ന് ആര്‍എസ്എസ്

single-img
20 July 2017

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് അനുവദിക്കാന്‍ സംസ്ഥാന ബിജെപി നേതാക്കള്‍ കോഴ വാങ്ങിയതായി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ശക്തമായ നടപടി വേണമെന്ന് ആര്‍എസ്എസ് കേരള നേതൃത്വം ആവശ്യപ്പെട്ടു. ബിജെപി കേരള ഘടകത്തിലെ ഗ്രൂപ്പ് പോരാണ് വിവാദത്തിന്റെ കാരണമെന്നും ആര്‍.എസ്.എസ് വിലയിരുത്തുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ആര്‍എസ്എസ് നേതൃത്വം അതൃപ്തി അറിയിച്ചു.

കോര്‍ കമ്മിറ്റി യോഗത്തില്‍ കുമ്മനം ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കും. കോഴ വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതിനു പിന്നില്‍ കുമ്മനം ആണെന്ന ആരോപണങ്ങളെ തുടര്‍ന്ന് അദ്ദേഹം രാജി വെക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ കോഴ വാങ്ങിയെന്നുറപ്പായ പാര്‍ട്ടി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ്. വിനോദിനെ പുറത്താക്കുമെന്നാണ് സൂചന. അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള എം.ടി. രമേശിനെതിരെ നടപടി വേണമോ എന്ന കാര്യവും കോര്‍ കമ്മിറ്റി ചര്‍ച്ച ചെയ്യും. ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് രമേശിനെ മാറ്റണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തിയേക്കും. ഇക്കാര്യത്തില്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നിലപാടായിരിക്കും നിര്‍ണായകം.

മെഡിക്കല്‍ കൗണ്‍സിലിന് അംഗീകാരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി തിരുവനന്തപുരത്തെ ഒരു വ്യവസായിയില്‍ നിന്ന് ആറ് കോടിയോളം രൂപ വാങ്ങിയെന്നാണ് ആരോപണം. കാര്യം നടക്കാതെയായപ്പോള്‍ വ്യവസായി ആര്‍.എസ്.എസ് നേതൃത്വത്തെയും ബി.ജെ.പി കേന്ദ്ര നേതൃത്വത്തെയും സമീപിക്കുകയായിരുന്നു. ബി.ജെ.പി കേന്ദ്രഘടകത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അന്വേഷണ കമ്മിഷനെ വച്ചത്.

തിരുവനന്തപുരം വര്‍ക്കലയിലെ എസ്ആര്‍ മെഡിക്കല്‍ കോളേജ് ഉടമ ആര്‍. ഷാജി ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ് വിനോദിന് പണം നല്‍കിയതായാണ് റിപ്പോര്‍ട്ട്. 17 കോടി രൂപയാണ് വിനോദ് ആവശ്യപ്പെട്ടതെങ്കിലും അഞ്ചു കോടി 60 ലക്ഷം രൂപ ഇയാള്‍ നല്‍കിയതായി കമ്മീഷന്‍ കണ്ടെത്തിയട്ടുണ്ട്.

പെരുമ്പാവൂരിലുള്ള ഒരു ഹവാല ഇടപാടുകാരന്‍ വഴിയാണ് പണം സതീഷ് നായര്‍ക്ക് എത്തിച്ചതെന്ന് പറഞ്ഞ ആര്‍.എസ്. വിനോദ് പരാതിക്കാരനായ ഷാജിയുടെ ആരോപണങ്ങളെല്ലാം ശരിവയ്ക്കുകയായിരുന്നു. വിനോദിന്റെ നിലപാട് തങ്ങളെ അദ്ഭുതപ്പെടുത്തിയെന്ന് കമ്മിഷന്‍ പറയുന്നു. പണം വാങ്ങിയത് തന്റെ ബിസിനസിന്റെ ഭാഗമാണെന്നും അത് പാര്‍ട്ടിയെ ബാധിക്കില്ലെന്നുമായിരുന്നു അയാളുടെ നിലപാട്.

ചെര്‍പ്പുളശേരിയിലെ മെഡിക്കല്‍ കോളേജിന് അംഗീകാരം കിട്ടിയത് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശിന്റെ സഹായത്താലാണെന്ന് അറിഞ്ഞതിനാലാണ് ഇത്രയധികം പണം നല്‍കിയെന്നാണ് ഷാജി പരാതിയില്‍ പറയുന്നത്. എന്നാല്‍ താന്‍ ആര്‍ക്കും മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം വാങ്ങിക്കൊടുത്തിട്ടില്ലെന്ന് എം.ടി. രമേശ് കമ്മിഷനോട് പറയുകയുണ്ടായി.