മമ്മൂട്ടിക്ക് സര്‍ക്കാര്‍ സൗജന്യമായി ഭൂമി നല്‍കിയതില്‍ അഴിമതി എന്നാരോപണം; ഭൂമി തിരിച്ചു പിടിക്കണമെന്നാവശ്യപ്പെട്ട് പരാതി

single-img
19 July 2017

തിരുവനന്തപുരം: അംബേദ്ക്കറുടെ ജീവചരിത്രം പ്രമേയമാക്കിയ സിനിമയില്‍ അഭിനയിച്ചതിന് നടന്‍ മമ്മൂട്ടിക്ക് എറണാകുളത്തെ കടവന്ത്രയില്‍ 6 സെന്റ് ഭൂമി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയതില്‍ അഴിമതി ആരോപിച്ച് റവന്യൂ മന്ത്രിക്ക് പരാതി. താരത്തിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകന്‍ പായ്ച്ചിറ നവാസാണ് പരാതി നല്‍കിയിരിക്കുന്നത്.

കടവന്ത്രയില്‍ സര്‍ക്കാര്‍ സൗജന്യ ഭൂമി നല്‍കിയതുമായി ബന്ധപ്പെട്ട് വന്‍ അഴിമതിയും ക്രമക്കേടുകളും നിയമലംഘനങ്ങളുമാണ് നടന്നിട്ടുള്ളതെന്ന് പരാതിയില്‍ പറയുന്നു. ഉന്നത ഉദ്ദ്യോഗസ്ഥരുടെയും രാഷ്ട്ട്രീയക്കാരുടെയും ഇടപെടല്‍ മൂലം ഇവിടെ പൊതുമുതലും സര്‍ക്കാര്‍ ഭൂമിയും നഷ്ടപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഈ ഭൂമി തിരിച്ചു പിടിക്കുന്നതിനായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

മമ്മൂട്ടിയും കുടുംബവും ചിലവന്നൂരില്‍ 17 സെന്റ് കായല്‍ പുറമ്പോക്ക് ഭൂമി കയ്യേറിയെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. കൊച്ചി നഗരസഭയും സബ് കോടതിയും ജില്ലാ കോടതിയും ഇത് കണ്ടെത്തിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ കേസ് ഒതുക്കി തീര്‍ത്തതായും പരാതിയില്‍ പറയുന്നു. ഇതിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കുകയും മമ്മൂട്ടിയുടെയും കുടുംബത്തിന്റെയും പക്കലില്‍ നിന്ന് രണ്ട് ഭൂമിയും തിരിച്ചു പിടിക്കണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം.