മുന്‍കൂര്‍ ജാമ്യം തേടി അപ്പുണ്ണി ഹൈക്കോടതിയില്‍: ‘പൊലീസ് മൂന്നാംമുറ പ്രയോഗിക്കുമോ എന്ന് പേടി’

single-img
19 July 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുന്ന ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തനിക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്നും സുനില്‍കുമാറുമായി ബന്ധമില്ലെന്നും ഇയാള്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തന്നെയും നാദിര്‍ഷായേയും മാപ്പുസാക്ഷിയാക്കി തെളിവുണ്ടാക്കാന്‍ ശ്രമിക്കുകയാണ് പൊലീസെന്നും കസ്റ്റഡിയില്‍ ലഭിച്ചാല്‍ പൊലീസ് മൂന്നാംമുറ പ്രയോഗിക്കുമോ എന്ന സംശയം ഉള്ളതിനാലാണ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതെന്നും അപേക്ഷയില്‍ പറയുന്നു.

നേരത്തെ അപ്പുണ്ണിയെ പൊലീസ് ഒരുതവണ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നു. ഇതിനുശേഷം ഒളിവില്‍ കഴിയുകയാണ് അപ്പുണ്ണി. ദിലീപിന്റെ അറസ്റ്റിന് പിന്നാലെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ് നല്‍കിയെങ്കിലും അപ്പുണ്ണി എത്തിയിരുന്നില്ല. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലും ഇയാളെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഗൂഢാലോചനയില്‍ അപ്പുണ്ണി ഉള്‍പ്പെട്ടതിന് തെളിവുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

പള്‍സര്‍ സുനിക്ക് പണം നല്‍കി ഒത്തുതീര്‍പ്പിന് ശ്രമിച്ചതും അപ്പുണ്ണിയാണെന്നാണ് വിവരം. പള്‍സര്‍ സുനിയുമായി കൂടിക്കാഴ്ച നടത്തിയതിനും ഫോണ്‍ സംഭാഷണത്തിനും പൊലീസിന്റെ കൈവശം തെളിവുകളുണ്ട്. ഏലൂരില്‍ അപ്പുണ്ണി താമസിക്കുന്ന വീട്ടില്‍ പൊലീസ് എത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അപ്പുണ്ണിയുടെ നിലവിലുള്ള അഞ്ച് മൊബൈല്‍ ഫോണ്‍ കണക്ഷനുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇതേ തുടര്‍ന്നാണ് ഇയാള്‍ ഒളിവില്‍ പോയതായി പൊലീസ് കരുതുന്നത്.