‘പ്രസവാവധി ഇനി ഭര്‍ത്താക്കന്മാര്‍ക്കും’: ശമ്പളത്തോടെയുള്ള അവധി മൂന്നുമാസം

single-img
18 July 2017

മുംബൈ: സ്ത്രീകള്‍ക്കൊപ്പം ഇനി പുരുഷന്‍മാര്‍ക്കും പ്രസവാനുബന്ധ അവധി. മുംബൈയിലെ വിദേശ കമ്പനിയായ സെയില്‍സ് ഫോഴ്‌സ് ആണ് പുരുഷന്‍മാര്‍ക്കും പ്രസവാനുബന്ധ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നുമാസം ശമ്പളത്തോടെയുള്ള അവധിയാണ് നല്‍കുക. അമ്മയെപ്പോലെ അച്ഛനും കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സെയില്‍സ് ഫോഴ്‌സ് പുരുഷന്‍മാര്‍ക്ക് അവധി നല്‍കാന്‍ തീരുമാനിച്ചത്.

നേരത്തേതന്നെ വിദേശത്തെ പല കമ്പനികളും പുരുഷന്‍മാര്‍ക്ക് പ്രസവാനുബന്ധ അവധി നല്‍കാറുണ്ട്. എന്നാല്‍, ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇത്രയും ദിവസത്തെ അവധി ഒരു കമ്പനി പ്രഖ്യാപിക്കുന്നത്. ഈയിടെ മൈക്രോസോഫ്റ്റ് പുരുഷന്മാര്‍ക്കുള്ള പ്രസവാനുബന്ധ അവധി ആറാഴ്ചയായി ഉയര്‍ത്തിയിരുന്നു. കമ്മിന്‍സ് ഇന്ത്യയും വര്‍ഷാദ്യം ഇതേരീതിയില്‍ പ്രസവാനുബന്ധ അവധി ഒരു മാസത്തോളമായി വര്‍ധിപ്പിച്ചു.

തുടര്‍ന്നാണ് പല കമ്പനികളും ഈ രീതി പിന്‍തുടരുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ജീവനക്കാരുടെ സന്തോഷം പ്രധാനമാണ്. അച്ഛനാകുക എന്നത് വലിയ കാര്യമാണെന്നും പുരുഷന്മാര്‍ക്ക് ശമ്പളം നല്‍കിക്കൊണ്ട് പ്രസവാനുബന്ധ അവധി നല്‍കുന്നത് നല്ല തീരുമാനമാണെന്നും സെയില്‍സ് ഫോഴ്‌സ് എപ്ലോയീ സക്‌സസ് ഡയറക്ടര്‍ പറഞ്ഞു.