കളക്ടറുടെ ഉത്തരവിനെ വെല്ലുവിളിച്ച് നഴ്‌സിംഗ് വിദ്യാര്‍ഥികള്‍: സ്വകാര്യ ആശുപത്രികളില്‍ ജോലിക്ക് പോകില്ല

single-img
17 July 2017

കണ്ണൂര്‍: കണ്ണൂരിലെ നഴ്‌സുമാരുടെ സമരത്തെ നേരിടാനുള്ള ജില്ലാ കളക്ടറുടെ നിര്‍ദേശത്തിനെതിരെ പ്രതിഷേധവുമായി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. നഴ്‌സുമാരുടെ സമരത്തെ നേരിടാന്‍ അവസാന വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ നിയോഗിക്കുമെന്ന് കളക്ടര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ പരിയാരം സഹകരണ നഴ്‌സിംഗ് കോളേജിലെ 20 വിദ്യാര്‍ഥികളാണ് ജോലിക്ക് എത്താതെ പ്രതിഷേധിക്കുന്നത്. കളക്ടറുടെ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

സമരം ശക്തമാവുന്ന സാഹചര്യത്തിലും ജില്ലയില്‍ പനി പടരുന്ന പശ്ചാത്തലത്തിലുമാണ് വിദ്യാര്‍ത്ഥികളെ ആശുപത്രികള്‍ക്ക് വിട്ടു കൊടുക്കണമെന്ന് കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ജില്ലയിലെ എട്ട് നേഴ്‌സിംഗ് കോളേജുകള്‍ക്കാണ് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ഉത്തരവ് പാലിക്കാത്ത കോളേജുകള്‍ക്കെതിരേയും വിദ്യാര്‍ത്ഥികള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ഇന്നലെ തന്നെ കളക്ടര്‍ വ്യക്തമാക്കിയിരുന്നു. സമരത്തെ നേരിടാന്‍ കണ്ണൂരില്‍ കളക്ടര്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. സമരം നടക്കുന്ന ആശുപത്രികളില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

നഴ്‌സുമാര്‍ സമരത്തിലായതിനാല്‍ ജില്ലയിലെ നഴ്‌സിംഗ് കോളേജുകളിലെ ഒന്നാം വര്‍ഷക്കാര്‍ ഒഴികെയുള്ള വിദ്യാര്‍ഥികളെ സമരം നടക്കുന്ന ആശുപത്രികളിലെത്തിക്കാനാണ് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് വാഹന സൗകര്യം ലഭ്യമാക്കണമെന്നും ഒരു വിദ്യാര്‍ഥിക്ക് ദിവസം 150 രൂപ വീതം നല്‍കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.