ഇന്ത്യയിലെ ആദ്യ ക്വട്ടേഷന്‍ മാനഭംഗം;അപ്പുണ്ണി അറസ്റ്റിലാവും മുന്‍പ് ജാമ്യം നേടാന്‍ ദിലീപ്

single-img
16 July 2017


കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തില്‍ പോലീസ് തിരയുന്ന സുനില്‍ രാജ് (അപ്പുണ്ണി ) അറസ്റ്റിലാവും മുന്‍പു ജാമ്യം നേടാന്‍ ജയിലില്‍ കഴിയുന്ന താരം ദിലീപ് ശ്രമം തുടങ്ങി. മജിസ്‌ട്രേട്ട് കോടതി ജാമ്യപേക്ഷ തള്ളിയിരിക്കെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നീങ്ങാന്‍ ഒരുങ്ങുകയാണ് പ്രതിഭാഗം. ദീലിപിന്റെ സഹായിയും ഡ്രൈവറുമായ അപ്പുണ്ണി നടന്‍ അറസ്റ്റിലായ ശേഷം ഒളിവിലാണ്. യുവനടി ആക്രമിക്കപ്പെട്ട സംഭവത്തെ ‘ഇന്ത്യയിലെ ആദ്യ ക്വട്ടേഷന്‍ മാനഭംഗം’ എന്നാണ് ദേശിയ മാധ്യമങ്ങള്‍ വരെ വിശേഷിപ്പിച്ചിരിക്കുന്നത്. സമൂഹത്തില്‍ അറിയപ്പെടുന്ന നടിയെ പീഡിപ്പിക്കാന്‍ ഗൂഢാലോചന നടത്തി ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്നാണു പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ പീഡനക്കേസ് എന്നായിരുന്നു നിയമവൃത്തങ്ങളുടെ വിലയിരുത്തല്‍. പ്രതികളെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചാവും ഇത്തരം കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കല്‍. ഇതിനായി അറസ്റ്റ് ചെയ്തു 90 ദിവസത്തെ സാവകാശം പോലീസിനു ലഭിക്കും. ഇതിനിടെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കണം. അല്ലാത്തപക്ഷം പ്രതികള്‍ക്ക് സോപാധിക ജാമ്യം ലഭിക്കും. ദിലീപ് അറസ്റ്റിലായി ഏഴു ദിവസം പൂര്‍ത്തിയായിരിക്കെ ഇനി 83 ദിവസമാണ് ബാക്കിയുള്ളത്.

പീഡനക്കേസുകളില്‍ പോലീസിന് നിശ്ചിതസമയത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാകാത്ത സാഹചര്യത്തിലൊക്കെ പ്രതികള്‍ ജാമ്യത്തിലിറങ്ങുകയും പിന്നീട് സാക്ഷികള്‍ കൂറുമാറി പ്രോസിക്യൂഷന്‍ പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് വൈകിയ സാഹചര്യത്തില്‍ പറവൂര്‍, വരാപ്പുഴ കേസുകളില്‍ ഒന്നാംഘട്ട വിചാരണയ്ക്കു ശേഷം മുഴുവന്‍ പ്രതികളെയും കോടതിക്കു വിട്ടയയ്‌ക്കേണ്ടി വന്നിരുന്നു. പറവൂര്‍ കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ മരിക്കുകയും സഹായിയായ അഭിഭാഷകനെ മാറ്റിനിര്‍ത്തുകയും ചെയ്ത ശേഷം നടന്ന വിസ്താരങ്ങളില്‍ സാക്ഷികള്‍ കൂട്ടമായി കൂറുമാറി. സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിനിടെ സംഭവിച്ച അപാകതകള്‍ തിരുത്താന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു സൗമ്യക്കേസില്‍ സുപ്രീംകോടതി വിധി പ്രതി ഗോവിന്ദച്ചാമിക്ക് അനുകൂലമായി.