ചോദ്യം ചെയ്യലിനിടയില്‍ ‘ജോക്കര്‍ കളിച്ച്’ ദിലീപ്: ‘ക്ഷമയുടെ നെല്ലിപ്പലക കണ്ട്’ പോലീസ്

single-img
15 July 2017

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ആകെ ‘പെട്ടിരിക്കുകയാണ്’. ചോദ്യങ്ങള്‍ക്കെല്ലാം പരിഹാസ രൂപേണയാണ് ദിലീപിന്റെ മറുപടി. ദിലീപിന്റെ ‘ചളുവടികേട്ട്’ പോലീസ് ഉദ്യോഗസ്ഥര്‍ ‘ക്ഷമയുടെ നെല്ലിപ്പലക’ കണ്ടുകഴിഞ്ഞു.

ഇതേ തുടര്‍ന്ന് ഒരു താരത്തോട് കാണിക്കുന്ന യാതൊരുവിധ അടുപ്പമോ പരിഗണനയോ ദിലീപിനോട് കാണിക്കരുതെന്ന് ഉന്നതോദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. സാധാരണക്കാരനാണ് പ്രതി എങ്കില്‍ പോലീസുകാരുടെ ‘കൈച്ചൂട്’ പണ്ടേ അറിഞ്ഞുകാണും. പക്ഷേ ‘ജനപ്രിയ’ താരമായതിനാല്‍ പോലീസ് ‘കൈവെച്ചിട്ടില്ല’ എന്നാണ് സൂചനകള്‍.

താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും നൂറ് തവണ ചോദ്യം ചെയ്താലും ഇതു തന്നെയേ പറയാനുള്ളൂവെന്നുമാണ് താരം അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്. തനിക്ക് പള്‍സര്‍ സുനിയെ അറിയില്ലെന്നും സുനിയെ കണ്ടിട്ടില്ലെന്നുമുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ദിലീപ്. എന്നാല്‍ തെളിവുകള്‍ നിരത്തി ചോദ്യം ചെയ്യുമ്പോള്‍ ദിലീപ് മൗനം പാലിക്കുകയാണ്.

ജോര്‍ജേട്ടന്‍സ് പുരത്തിന്റെ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയത് ഉള്‍പ്പെടെ ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ നിരവധി തെളിവുകള്‍ പോലീസിന് ലഭിച്ചിരുന്നു. കേസിലെ പ്രധാന തെളിവാണ് മെമ്മറി കാര്‍ഡ്. ഇത് സംബന്ധിച്ച ചോദ്യത്തിനും ദിലീപിന് ഉത്തരമില്ല. ദൃശ്യങ്ങള്‍ മുഖ്യപ്രതി സുനില്‍കുമാര്‍ ദീലീപിന് കൈമാറിയിരുന്നെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ ദീലീപിന്റെ കൈവശമുണ്ടെന്നുമാണ് പൊലീസ് സംശയിക്കുന്നത്.