“പത്തുദിവസത്തെ ‘റസ്റ്റ്’ തരണമേ എന്ന് പ്രാര്‍ത്ഥിച്ചു, ദൈവം അത് കേട്ടത് ‘അറസ്റ്റ്’ എന്നാണ്”: ചോദ്യംചെയ്യലിനിടെ ദിലീപിന്റെ ‘ചളുവടി’
സിനിമകളിലും പൊതുവേദികളിലും ജീവിതത്തിലും എല്ലാം ഏത് വിഷയത്തേയും തമാശയോടെ കൈകാര്യം ചെയ്യുന്ന ദിലീപിനെ എല്ലാവര്ക്കും ഇഷ്ടമായിരുന്നു. അതുകൊണ്ടുതന്നെയാണ് മലയാളികള്‍ക്ക് ദിലീപ് ‘ജനപ്രിയനായത്’. എന്നാല്‍ അറസ്റ്റിലായതോടെ ജനം താരത്തെ കൈവിട്ടു. പക്ഷേ ജയിലിലാണെങ്കിലും തന്റെ സ്വതസിദ്ധമായ ശൈലി ദിലീപ് കൈവിട്ടിട്ടില്ല.
ചോദ്യം ചെയ്യുന്ന പൊലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ മറ്റുപൊലീസുകാരുമായി തമാശ പങ്കിടലാണ് ദിലീപിന്റെ ജോലി. അതില്‍ ഒന്ന് ഇങ്ങനെ. ‘ഷൂട്ടിംഗിന് തുടര്‍ച്ചയായി പോകുമ്പോള്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു, ദൈവമേ എനിക്ക് പത്തുദിവസത്തെ റസ്റ്റ് തരണമേ എന്ന്. എന്നാല്‍ ദൈവം അത് കേട്ടത് അറസ്റ്റ് എന്നാണ്’. തമാശ കേട്ട ഒരു പൊലീസ് ഉദ്യോഗസ്ഥന് തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.
ചോദ്യം ചെയ്യലില്‍ ഇനിയും വ്യക്തമായ മറുപടികള്‍ ദിലീപില്‍നിന്നും ലഭിക്കാത്തത് പൊലീസിന് തലവേദന ആയിരിക്കുകയാണ്. ചോദ്യങ്ങള്‍ക്കെല്ലാം പരിഹാസ രൂപേണയാണ് ദിലീപിന്റെ മറുപടി. ദിലീപിന്റെ ‘ചളുവടികേട്ട്’ പോലീസ് ഉദ്യോഗസ്ഥര്‍ ‘ക്ഷമയുടെ നെല്ലിപ്പലക’ കണ്ടുകഴിഞ്ഞു.
ഇതേ തുടര്‍ന്ന് ഒരു താരത്തോട് കാണിക്കുന്ന യാതൊരുവിധ അടുപ്പമോ പരിഗണനയോ ദിലീപിനോട് കാണിക്കരുതെന്ന് ഉന്നതോദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദ്ദേശം നല്കി. സാധാരണക്കാരനാണ് പ്രതി എങ്കില്‍ പോലീസുകാരുടെ ‘കൈച്ചൂട്’ പണ്ടേ അറിഞ്ഞുകാണും. പക്ഷേ ‘ജനപ്രിയ’ താരമായതിനാല്‍ പോലീസ് ‘കൈവെച്ചിട്ടില്ല’ എന്നാണ് സൂചനകള്‍.
താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും നൂറ് തവണ ചോദ്യം ചെയ്താലും ഇതു തന്നെയേ പറയാനുള്ളൂവെന്നുമാണ് താരം അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്. തനിക്ക് പള്‍സര്‍ സുനിയെ അറിയില്ലെന്നും സുനിയെ കണ്ടിട്ടില്ലെന്നുമുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ദിലീപ്. എന്നാല്‍ തെളിവുകള്‍ നിരത്തി ചോദ്യം ചെയ്യുമ്പോള്‍ ദിലീപ് മൗനം പാലിക്കുകയാണ്.
ജോര്‍ജേട്ടന്‍സ് പുരത്തിന്റെ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയത് ഉള്‍പ്പെടെ ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ നിരവധി തെളിവുകള്‍ പോലീസിന് ലഭിച്ചിരുന്നു. കേസിലെ പ്രധാന തെളിവാണ് മെമ്മറി കാര്‍ഡ്. ഇത് സംബന്ധിച്ച ചോദ്യത്തിനും ദിലീപിന് ഉത്തരമില്ല. ദൃശ്യങ്ങള്‍ മുഖ്യപ്രതി സുനില്‍കുമാര്‍ ദീലീപിന് കൈമാറിയിരുന്നെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ ദീലീപിന്റെ കൈവശമുണ്ടെന്നുമാണ് പൊലീസ് സംശയിക്കുന്നത്.
ഈ സാഹചര്യത്തില്‍ പൊലീസ് മറുതന്ത്രങ്ങള്‍ തേടുന്നതായാണ് വിവരം. താരത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയുന്ന നീക്കങ്ങളെക്കുറിച്ചാണ് പൊലീസ് ആലോചിക്കുന്നത്.