മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു; മാലാഖമാര്‍ അനിശ്ചിതകാല സമരം മാറ്റിവച്ചു

single-img
15 July 2017

തൃശൂര്‍: വേതന വര്‍ധന ആവശ്യപ്പെട്ട് തിങ്കളാഴ്ച മുതല്‍ നഴ്‌സുമാര്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചു. ബുധനാഴ്ച വരെ സമരം തുടങ്ങേണ്ടെന്നാണ് തീരുമാനം. തൃശൂരില്‍ ചേര്‍ന്ന യുഎന്‍എ യോഗത്തിന്റേതാണു തീരുമാനം. ഹൈക്കോടതി നിര്‍ദേശത്തിന്റെയും മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയും മാനിച്ച് അനിശ്ചിതകാല സമരം മാറ്റിവെക്കുകയാണെന്ന് നഴ്‌സുമാരുടെ സംഘടന അറിയിച്ചു. 19ാം തിയ്യതി നടക്കുന്ന മധ്യസ്ഥ ചര്‍ച്ചയില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ഷാ പറഞ്ഞു.

സമരം മാറ്റിവച്ചാല്‍ ചര്‍ച്ചയാകാമെന്നു നഴ്‌സുമാരോടു സര്‍ക്കാര്‍ രാവിലെ വ്യക്തമാക്കിയിരുന്നു. അനിശ്ചകാല സമരം തുടങ്ങാനിരുന്ന സാഹചര്യത്തിലാണു സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയത്. അടിസ്ഥാന ശമ്പളം 20,000 രൂപയാക്കണമെന്നാണു നഴ്‌സുമാരുടെ ആവശ്യം. എന്നാല്‍ 17,000 രൂപ വരെ നല്‍കാമെന്ന നിലപാടിലാണു സര്‍ക്കാര്‍.

അതിനിടെ, യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍, ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികളും അംഗങ്ങളും സമരത്തില്‍നിന്നു വിട്ടു നില്‍ക്കണമെന്നു ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. ആരോഗ്യ സേവന മേഖലയില്‍ നേരത്തെ ‘എസ്മ’ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നു കോടതി വ്യക്തമാക്കിയിരുന്നു. തിങ്കഴാഴ്ച മുതല്‍ നഴ്‌സുമാര്‍ സമരം ചെയ്യുകയാണെങ്കില്‍ ആശുപത്രികള്‍ അടച്ചിടാന്‍ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ സംഘടനയും തീരുമാനിച്ചിരുന്നു.