ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ചു: കമല്‍ഹാസന് വനിതാ കമ്മീഷന്റെ നോട്ടീസ്

single-img
14 July 2017

ചെന്നൈ: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച കമല്‍ഹാസന് ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലായിരുന്നു നടിയുടെ പേര് പരാമര്‍ശിച്ചുകൊണ്ടുള്ള താരത്തിന്റെ പ്രതികരണം.

പേര് പറയുന്നത് നിയമവിരുദ്ധമല്ലേയെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന്, എന്തിനാണ് പേര് മറച്ചുവെയ്ക്കുന്നതെന്നും അവരെ ദ്രൗപദിയെന്ന് വിളിക്കണമെങ്കില്‍ അങ്ങനെയുമാകാമെന്നായിരുന്നു കമല്‍ഹാസന്റെ പ്രതികരണം.

നടിയെന്ന നിലയിലല്ല, സ്ത്രീയെന്ന നിലയിലാണ് താന്‍ അവരെ കാണുന്നതെന്നും നീതിന്യായ സംവിധാനത്തില്‍ വിശ്വാസമുണ്ടെന്നും കമല്‍ഹാസന്‍ പറഞ്ഞിരുന്നു. ആത്മാഭിമാനമുള്ള പുരുഷന്‍മാര്‍ സ്ത്രീകളെ സംരക്ഷിക്കണമെന്നേ കരുതുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

നടിമാരുടെ മാത്രമല്ല, ഓരോരുത്തരുടെയും സുരക്ഷ തനിക്ക് പ്രധാനമാണെന്നും എല്ലാവരും സുരക്ഷിതമായി പുറത്തുപോകുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറയുകയുണ്ടായി.