സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം: ‘ഫീസ് നിര്‍ണയിക്കാന്‍ പന്ത്രണ്ടാം മണിക്കൂര്‍ വരെ കാത്തിരുന്നത് എന്തിന്’

single-img
14 July 2017

സ്വാശ്രയ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. തീരുമാനം എടുക്കാന്‍ പന്ത്രണ്ടാം മണിക്കൂര്‍ വരെ കാത്തിരുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. ഓര്‍ഡിനന്‍സില്‍ ചെറിയ തിരുത്തലുകള്‍ മാത്രമാണ് വേണ്ടിയിരുന്നത്. തിരുത്തലുകള്‍ക്ക് ഏറെ കാലതാമസമെടുത്തു എന്നും കോടതി പരാമര്‍ശിച്ചു. വകുപ്പുകള്‍ തമ്മില്‍ ഏകോപനം ഇല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷവും സര്‍ക്കാരിന് തെറ്റ് പറ്റി, അത് തിരുത്താന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു. സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട് എന്നും കോടതി വ്യക്തമാക്കി. അതേസമയം ഫീസ് നിര്‍ണയത്തിന് കാലതാമസം ഉണ്ടായെന്ന് സര്‍ക്കാര്‍ അംഗീകരിച്ചു. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവുകള്‍ ഉണ്ടായതാണ് ഫീസ് നിര്‍ണയം വൈകാന്‍ കാരണം. സ്വാശ്രയ ഓര്‍ഡിനന്‍സ് പുതുക്കി ഉടന്‍ പ്രസിദ്ധീകരിച്ചുവെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

സ്വാശ്രയ കോളജുകളിലെ എംബിബിഎസ്, ബിഡിഎസ് ഫീസ് ജസ്റ്റിസ് ആര്‍.രാജേന്ദ്രബാബു സമിതി ഇന്ന് രാവിലെയാണ് പുതുക്കി നിശ്ചയിച്ചത്. മെഡിക്കല്‍ ഫീസ് 50,000 രൂപ കുറച്ചു. എംബിബിഎസ് ജനറല്‍ സീറ്റില്‍ ഫീസ് 5 ലക്ഷമാക്കി. എന്‍ആര്‍ഐ സീറ്റുകളില്‍ 20 ലക്ഷമായിരിക്കും ഫീസ്. ബിഡിഎസ് ഫീസ് കൂട്ടിയിട്ടുണ്ട്. ജനറല്‍ ബിഡിഎസിന് ഫീസ് 2.9 ലക്ഷമാക്കി.

ബിഡിഎസിന് എന്‍ആര്‍ഐ സീറ്റില്‍ 6 ലക്ഷമായിരിക്കും ഫീസ്. എംബിബിഎസിന് 85% സീറ്റില്‍ 5.5 ലക്ഷം രൂപയും ബിഡിഎസിന് 2.5 ലക്ഷവും ഏകീകൃത ഫീസാണ് നേരത്തെ കമ്മിറ്റി നിശ്ചയിച്ചത്. കരാര്‍ അനുസരിച്ചു ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകള്‍ ഈ വര്‍ഷം 4.85 ലക്ഷം രൂപയ്ക്കു പഠിപ്പിക്കേണ്ടതായിരുന്നു. അവര്‍ക്ക് 5.5 ലക്ഷം അനുവദിച്ചതു വിമര്‍ശനത്തിന് ഇടയാക്കിയ സാഹചര്യത്തിലാണു ഫീസ് കുറച്ചത്.