ദിലീപിന് മോചനമില്ല; നാളെ വൈകുന്നേരം അഞ്ചു മണി വരെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍

single-img
14 July 2017

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ പൊലീസ് കസ്റ്റഡി നീട്ടി. നാളെ വൈകുന്നേരം അഞ്ചു മണി വരെയാണ് ദിലീപിനെ കസ്റ്റഡിയില്‍ വിട്ടത്. ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി കസ്റ്റഡി കാലാവധി നീട്ടിയത്. മൂന്നുദിവസത്തെ കസ്റ്റഡി കൂടി വേണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസ് അപേക്ഷ നല്‍കിയത്.

എന്നാല്‍ നാളെ അഞ്ചുമണിവരെയാണ് കോടതി കസ്റ്റഡി കാലാവധി അനുവദിച്ചത്. അതേസമയം കസ്റ്റഡി അപേക്ഷയെ പ്രതിഭാഗം എതിര്‍ത്തെങ്കിലും കോടതി അത് പരിഗണിച്ചില്ല. ഡിജിപി വരെയുളള ഉദ്യോഗസ്ഥര്‍ ദിലീപിനെ ചോദ്യം ചെയ്തു കഴിഞ്ഞു. അതിനാല്‍ ഇനി കസ്റ്റഡിയില്‍ വിട്ടുകൊടുക്കരുതെന്നും അപേക്ഷ തളളി ജാമ്യാപേക്ഷയില്‍ വിധി പറയണമെന്നും ദിലീപിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാംകുമാര്‍ വാദിച്ചു. നീതിന്യായ വ്യവസ്ഥിതിയെ ദുരുപയോഗം ചെയ്ത് തെളിവുകള്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നുവെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍ ഗുരുതരമായ കുറ്റകൃത്യമാണ് നടന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ എ.സുരേശന്‍ കോടതിയെ അറിയിച്ചു. ആവശ്യമെങ്കില്‍ കേസ് ഡയറി മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

അതേസമയം, വ്യക്തമായ തെളിവുണ്ടെങ്കില്‍ മാപ്പുസാക്ഷിയുടെ ആവശ്യം എന്താണെന്ന് ദിലീപിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാംകുമാര്‍ ചോദിച്ചു. സാക്ഷിയില്ലാത്തതിനാലാണ് പ്രോസിക്യൂഷന്‍ മാപ്പുസാക്ഷിയെ അന്വേഷിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഒന്നാം പ്രതിയുടെ ഫോണ്‍ കണ്ടെത്താനുള്ള ചുമതല മറ്റു പ്രതികള്‍ക്കില്ലെന്നും രാംകുമാര്‍ ചൂണ്ടിക്കാട്ടി.നാളെ ഉച്ചയ്ക്ക് തന്നെ കോടതി ജാമ്യ ഹര്‍ജി പരിഗണിക്കുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. കെ. രാം കുമാര്‍ പിന്നീട്‌ മാധ്യമങ്ങളോട് പറഞ്ഞു.

രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡി പൂര്‍ത്തിയായ സാഹചര്യത്തിലാണ് ദിലീപിനെ വീണ്ടും കോടതിയില്‍ ഹാജരാക്കിയത്. കേസിന്റെ ഗൂഢാലോചന സംബന്ധിച്ചു നടന്‍ ദിലീപുമായി പൊലീസ് ആദ്യഘട്ട തെളിവെടുപ്പു പൂര്‍ത്തിയാക്കിക്കഴിഞ്ഞു. തൃശൂരിലെ മൂന്നു ലൊക്കേഷനുകളിലാണ് ഇന്നലെ തെളിവെടുപ്പു നടത്തിയത്. ക്രിമിനല്‍ നടപടിച്ചട്ടം അനുസരിച്ചു പകല്‍ വെളിച്ചത്തില്‍ നടത്തേണ്ട തെളിവെടുപ്പു പൂര്‍ത്തിയാക്കി ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബില്‍ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. ഇതിനു പിന്നാലെയാണ് രാവിലെ പത്തിന് അങ്കമാലി കോടതിയില്‍ എത്തിച്ചത്.