മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടലുകളില്‍ സിബിഐ അന്വേഷണം വേണമെന്ന് സുപ്രീംകോടതി; 62 ഏറ്റുമുട്ടലുകള്‍ അന്വേഷണത്തിന്

single-img
14 July 2017

ന്യൂഡല്‍ഹി: മണിപ്പൂരില്‍ അഫ്‌സ്പ നിയമത്തിന്റെ മറവില്‍ സൈന്യം നടത്തിയ വ്യാജ ഏറ്റുമുട്ടല്‍ സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും സി.ബി.ഐയോട് കോടതി ആവശ്യപ്പെട്ടു. പ്രത്യേക സൈനികാധികാര നിയമം ഉപയോഗിച്ച് നിരപരാധികളെ സൈന്യം വ്യാജ ഏറ്റുമുട്ടലിലൂടെ വെടിവച്ച് കൊന്നെന്ന പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന റിട്ട് ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. 62ല്‍ 28 ഏറ്റുമുട്ടലുകള്‍ നടത്തിയത് സൈന്യമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. 2010-12 വര്‍ഷങ്ങളില്‍ മണിപ്പൂരില്‍ നിയമം ലംഘിച്ച് 1,528 കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പ്രത്യേക സൈനികാധികാര നിയമം ഉപയോഗിച്ച് നിരപരാധികളെ കൊല്ലുകയാണെന്നുമാണ് പ്രധാന ആരോപണം.

അതേസമയം വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടു 62 കേസുകള്‍ അന്വേഷിക്കാനാണു കോടതി ഉത്തരവ്. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും 2018 ജനുവരിയില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണു കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഏറ്റുമുട്ടലുകളുടെ കാര്യത്തില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന സൈന്യത്തിന്റെ വാദം കോടതി തളളി.

സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന അഫ്‌സ്പ നിലവിലുണ്ടെങ്കിലും സൈന്യത്തിന് അമിതാധികാരം പ്രയോഗിക്കാന്‍ അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 1958ലാണ് മണിപ്പൂരില്‍ അഫ്‌സ്പ പ്രഖ്യാപിച്ചത്. സൈന്യത്തിന്റെ അതിക്രമങ്ങള്‍ക്കെതിരെ ഇറോം ശര്‍മിളയുടെ ഐതിഹാസിക സമരം അടക്കം നിരവധി മനുഷ്യാവകാശ സമരങ്ങള്‍ നടന്നിട്ടുണ്ട്.

മണിപ്പൂരില്‍ സൈനികാധികാരം ദുരുപയോഗം ചെയ്ത് സൈന്യം നടത്തിയ ഇടപെടലുകളെല്ലാം അന്വേഷണ വിധേയമാക്കണമെന്ന് കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ പോലുള്ള നിയമങ്ങള്‍ ജനങ്ങളെ അടിച്ചമര്‍ത്താനുള്ള ഉപാധിയായി ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി അന്ന് സൈന്യത്തോട് ആവശ്യപ്പെട്ടിരുന്നു.