ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി പൊലീസിനെ വെട്ടിച്ച് മുങ്ങി ?; ഫോണുകളും സ്വിച്ച്ഓഫ്

single-img
14 July 2017

കൊച്ചി: നടിയെ അക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവിലെന്ന് സൂചന. അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടും അപ്പുണ്ണി എത്തിയിരുന്നില്ല. അപ്പുണ്ണിയുടെ അഞ്ച് ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാളെ അറസ്റ്റ് ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയിലാണ് പൊലീസിനെ വെട്ടിച്ച് ഇയാള്‍ മുങ്ങിയതെന്നാണ് സൂചന.

ഏലൂരിലെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും അപ്പുണ്ണിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കേസിലെ അപ്പുണ്ണിയുടെ പങ്കിനെക്കുറിച്ച് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചനയുണ്ടായിരുന്നു. കേസില്‍ അപ്പുണ്ണിക്ക് നേരിട്ട് പങ്കുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന്‌
അപ്പുണ്ണിയോട് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.

മുഖ്യപ്രതിയായ പള്‍സര്‍ സുനി നടിയെ ആക്രമിക്കുന്നതിന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുമായി അടുപ്പമുള്ളവരുടെ നമ്പറുകളിലേക്ക് നിരന്തരം വിളിച്ചതിന് പോലീസിന് തെളിവ് ലഭിച്ചിരുന്നു. സംഭവം നടക്കുന്നതിന് മുമ്പ് പള്‍സര്‍ സുനി നിരന്തരം വിളിച്ചിരുന്ന നാല് ഫോണ്‍ നമ്പരുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. പള്‍സര്‍ സുനി വിളിച്ചതിന് പിന്നാലെ ഇവയില്‍ പല നമ്പരുകളില്‍ നിന്നും അപ്പുണ്ണിയുടെ നമ്പരുകളിലേക്ക് കോളുകള്‍ വന്നിട്ടുണ്ടെന്നും വ്യക്തമായിരുന്നു. ഇക്കാര്യങ്ങളൊക്കെ അപ്പുണ്ണിയെ കേസുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഘടകങ്ങളാണെന്നാണ് പൊലീസിന്റെ അനുമാനം.