തെറ്റുകാരനല്ലെന്ന് ആലുവ തേവരുടെ മുന്നില്‍ ദിലീപ് സത്യം ചെയ്‌തെന്ന് അന്‍വര്‍ സാദത്ത്: ‘ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതം’

single-img
14 July 2017

തിരുവനന്തപുരം: ദിലീപുമായുള്ള ബന്ധത്തില്‍ വിശദീകരണവുമായി ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്. ദിലീപുമായി വര്‍ഷങ്ങളുടെ ബന്ധമാണുളളത് എന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു. വിദേശത്തായിരുന്ന അന്‍വര്‍ സാദത്ത് നാട്ടിലെത്തിയ ശേഷമാണു മാധ്യമങ്ങളോടു സംസാരിച്ചത്. ദിലീപുമായി നിരന്തരം ഫോണില്‍ സംസാരിക്കാറുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷവും ദിലീപിനെ വിളിച്ചിട്ടണ്ട്.

കേസുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ ശരിയാണോയെന്ന് ദിലീപിനോടു ചോദിച്ചിരുന്നു. തെറ്റു ചെയ്തിട്ടില്ലെന്നാണ് ദിലീപ് ഉറപ്പിച്ചു പറഞ്ഞത്. ആലുവ തേവരുടെ മുന്നില്‍ സത്യം ചെയ്ത് തെറ്റുകാരനല്ലെന്നു പറഞ്ഞു. പള്‍സര്‍ സുനിയെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നും ദിലീപ് തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. തനിക്ക് സഹായിക്കാന്‍ കഴിയില്ലെന്ന് ദിലീപിന് അറിയാമെന്നും അന്‍വര്‍ സാദത്ത് കൂട്ടിച്ചേര്‍ത്തു.

ദിലീപ് തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ തക്കതായ ശിക്ഷ നല്‍കണം. അദ്ദേഹം സിനിമയില്‍ എത്തുന്നതിനു മുന്‍പുതൊട്ടേ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്. ദിലീപുമായി റിയല്‍എസ്റ്റേറ്റ് ബന്ധങ്ങളോ പണമിടപാടുകളോ ഇല്ല. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു. ഇടതുപക്ഷ എംഎല്‍എമാര്‍ വെട്ടിലായതുകൊണ്ടാണോ ഡിവൈഎഫ്‌ഐ നല്‍കിയ പരാതി എന്നും സംശയമുണ്ട്. ഏത് അന്വേഷണവുമായും സഹകരിക്കും. തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ല.

ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണു താന്‍. നടിയുമായും അവരുടെ കുടുംബവുമായും നല്ല വ്യക്തി ബന്ധമുണ്ട്. സംഭവത്തിന് ശേഷം നടിയുടെ സഹോദരനെ വിളിച്ചിരുന്നു. താന്‍ അവരുടെ വീട്ടില്‍ പോയിട്ടുണ്ടെന്നും ആക്രമണത്തിന് ശേഷം എന്ത് സഹായവും നല്‍കാന്‍ തയാറാണെന്ന് അറിയിച്ചിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു. നേരത്തെ അന്‍വര്‍ സാദത്ത് എംഎല്‍എയെ പൊലീസ് ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.