സിപിഎം നേതാക്കളെ പരിഹസിച്ച് ഉമ്മന്‍ചാണ്ടി; ആരും യുഡിഎഫ് വിടില്ല

single-img
13 July 2017


ജനതാദള്‍ യുണൈറ്റഡിന്റെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് വളരെ ഗൗരവത്തോടെ കണ്ട് അതിന് പരിഹാരം ഉണ്ടാക്കുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജെഡിയു ഇടതുമുന്നണിയിലേക്ക് പോകാനൊരുങ്ങുന്നു എന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. ഏത് പാര്‍ട്ടിക്ക് എന്ത് പ്രശ്‌നം വന്നാലും മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് അതിന് അങ്ങേയറ്റത്തെ പരിഗണന നല്‍കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സമരങ്ങള്‍ നടത്തുന്നതില്‍ യുഡിഎഫിന് പരിമിതികളുണ്ടെന്നും ജെഡിയുവിന്റെ ആരോപണങ്ങളോട് അദ്ദേഹം പ്രതികരിച്ചു. ഇടതുമുന്നണി ജെഡിയുവിനെ സ്വാഗതം ചെയ്തല്ലോ എന്ന ചോദ്യത്തിന് അഞ്ചുവര്‍ഷമായി ഒരുപാട് സ്വാഗതം ചെയ്തതല്ലേ, എന്നിട്ടും യാഥാര്‍ത്ഥ്യമായില്ലല്ലോ എന്നും കേരളത്തിലെ ജനങ്ങള്‍ ഇതൊന്നും വിശ്വസിക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഘടകകക്ഷികളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോവുക എന്നതാണ് യുഡിഎഫിനെ നയിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് കാലങ്ങളായി സ്വീകരിച്ചുപോരുന്നത്. ജെഡിയുവിന് അവരുടെ പ്രശ്‌നങ്ങള്‍ യുഡിഎഫിന്റെ ചെയര്‍മാനായ രമേശ് ചെന്നിത്തലയോട് പറയാം. അത് മുന്നണിയില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.