Featured

മുകേഷിന്റെ എംഎല്‍എ സ്ഥാനം തെറിക്കുമോ?: പാര്‍ട്ടി നിലപാട് നിര്‍ണായകം

 

നടിയെ ആക്രമിച്ച സംഭവത്തില്‍ നടനും എം.എല്‍.എയുമായ മുകേഷിനെ അന്വേഷണസംഘം ചോദ്യംചെയ്യാന്‍ വിളിപ്പിച്ചെന്ന വാര്‍ത്ത പരന്നതോടെ വെട്ടിലായിരിക്കുകയാണ് സിപിഎം കൊല്ലം ജില്ലാ നേതൃത്വവും പാര്‍ട്ടിയും. എം.എല്‍.എക്കെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി രംഗത്തുവന്നതോടെ തീര്‍ത്തും പ്രതിരോധത്തിലായിരിക്കുകയാണ് പാര്‍ട്ടി. മാത്രമല്ല പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ അദ്ദേഹത്തിനെതിരെ എതിര്‍പ്പ് വന്നതോടെ മുകേഷിനോട് നേതൃത്വം രാജി ആവശ്യപ്പെടുമെന്നാണ് സൂചന.

മുകേഷിന്റെ സമീപനം സൃഷ്ടിച്ച അതൃപ്തി സി.പി.എം ജില്ലാ കമ്മിറ്റിയില്‍ ശക്തമാവുകയാണ്. അറസ്റ്റിലായ നടനെ പിന്തുണക്കാന്‍ ശ്രമിച്ച മുകേഷ് പാര്‍ട്ടിക്കു ബാധ്യതയാകുന്നു എന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്. അദ്ദേഹത്തിനു പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തേണ്ടിവന്ന സാഹചര്യവും പാര്‍ട്ടിയില്‍ ചര്‍ച്ചയായി. മുകേഷിന്റെ സ്ഥാനാര്‍ഥിത്വത്തെ പരസ്യമായി എതിര്‍ത്ത നേതാക്കളില്‍ പലരും ജില്ലാ കമ്മിറ്റിയില്‍ അദ്ദേഹത്തിനെതിരെ ശബ്ദമുയര്‍ത്തി. മുകേഷിന്റെ രാജി ആവശ്യമാണെന്നാണ്് ഇവര്‍ പരോക്ഷമായി ആവശ്യപ്പെട്ടത്.

പി.കെ ഗുരുദാസനെ ഒഴിവാക്കി മുകേഷിനെ സ്ഥാനാര്‍ഥിയാക്കിയതു പിണറായി വിജയന്റെ തീരുമാനമായിരുന്നു. അതിനു വഴങ്ങാന്‍ ജില്ലാ കമ്മിറ്റി നിര്‍ബന്ധിതമായതോടെയാണ് സി.പി.ഐ. അനുഭാവിയായിരുന്ന മുകേഷ് സി.പി.എം. സ്ഥാനാര്‍ഥിയായത്. പക്ഷേ മുകേഷിന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ച സംസ്ഥാന നേതൃത്വം തന്നെ ഇക്കാര്യത്തില്‍ അദ്ദേഹത്തിനൊപ്പമുണ്ടാവില്ല എന്ന സൂചനയാണ് ഇന്നലെ ഈ കേസുമായി ബന്ധപ്പെട്ടുള്ള പിണറായിയുടെ കര്‍ശന നിര്‍ദേശം വ്യക്തമാക്കുന്നത്.

പ്രതിപക്ഷ എംഎല്‍എയ്ക്കും സ്വന്തം പാര്‍ട്ടിയിലെ എംഎല്‍എയ്ക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം ഒരേപോലെ അന്വേഷിക്കണമെന്നാണ് മുഖ്യമന്ത്രി അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്. അമ്മ ഭാരവാഹികളായ മുകേഷിനും ഇന്നസെന്റിനും കെ.ബി.ഗണേഷ് കുമാറിനുമെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍ കേസന്വേഷണത്തെ സ്വാധീനിക്കുന്ന തരത്തിലുള്ള ഒരു ഇടപെടലുകളും പാര്‍ട്ടിയില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശവും മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയിട്ടുണ്ട്. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുകേഷിനെ ചോദ്യം ചെയ്യാമെന്ന നിലപാടെടുത്തതോടെ ജില്ലാക്കമ്മിറ്റി പിടി മുറുക്കുകയാണ്.

നേരത്തേ നടിയെ ആക്രമിച്ച സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രകോപനപരമായി പെരുമാറിയ മുകേഷിനെതിരെ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. അമ്മയുടെ വാര്‍ത്താസമ്മേളനത്തിനിടയിലെ മുകേഷിന്റെ പെരുമാറ്റം സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമല്ലെന്ന് പ്രതീതി സൃഷ്ടിച്ചുവെന്നും മുകേഷ് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. അന്ന് യോഗത്തില്‍ ഭൂരിപക്ഷം പേരും മുകേഷിന് എതിരായാണ് സംസാരിച്ചത്.

നടിക്കെതിരെ ആക്രമണം നടന്ന ദിവസങ്ങളില്‍ ദിലീപും മുകേഷും തുടര്‍ച്ചയായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ പോലീസിനു ലഭിച്ചതായാണു വിവരം. മാത്രമല്ല കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനി നേരത്തെ മുകേഷിന്റെ ഡ്രൈവര്‍ ആയിരുന്നു. തന്റെ ഡ്രൈവറായി ഒന്നര വര്‍ഷത്തോളം ജോലിചെയ്ത സുനിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് അറിയില്ലായിരുന്നെന്നും അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നതിനാലാണു പറഞ്ഞുവിട്ടതെന്നും മുകേഷ് നേരത്തേ വിശദീകരിച്ചിരുന്നു. ഇതിനിടെ പള്‍സര്‍ സുനി മുകേഷിന്റെ അമ്മ വിജയകുമാരിയുടെ ഒപ്പം നില്‍ക്കുന്ന ചിത്രവും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയുണ്ടായി.