ജെഡിയു ഇടതുമുന്നണിയിലേക്ക്?: ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍

single-img
13 July 2017

തിരുവനന്തപുരം: ജനതാദള്‍ യുണൈറ്റഡ് യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് ചേക്കേറുന്നതായി സൂചന. ഇതിനായുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. യുഡിഎഫില്‍ വന്ന ശേഷം ജെഡിയുവിന് കനത്ത നഷ്ടം ഉണ്ടായതായാണ് പൊതുവെയുള്ള വിലയിരുത്തല്‍. മുന്നണി മാറ്റം അനിവാര്യമെന്ന് ഷെയ്ഖ് പി ഹാരിസ് പറഞ്ഞു. യുഡിഎഫിന് മുമ്പില്‍ ജെഡിയു നല്‍കിയ പരാതികള്‍ക്കൊന്നും പരിഹാരം കണ്ടില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നില്ലെന്നും ഷെയ്ഖ് പി ഹാരിസ് വ്യക്തമാക്കി.

ഇടതുമുന്നണിയുമായി പലവട്ടം ചര്‍ച്ച നടന്നെന്ന് ജെഡിയു വൈസ് പ്രസിഡന്റ് ചാരുപാറ രവിയും വെളിപ്പെടുത്തി. കോടിയേരിയുടെ ക്ഷണത്തെ പോസിറ്റീവ് ആയി കാണുന്നു. യുഡിഎഫില്‍ മുന്നണിബന്ധത്തെ ഓര്‍ത്ത് പലതും വിഴുങ്ങേണ്ട അവസ്ഥയാണ്. കോണ്‍ഗ്രസില്‍ ശക്തമായ അടിയൊഴുക്കും ഗ്രൂപ്പിസവുമാണന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, ജെഡിയുവിനെ അനുനയിപ്പിക്കാന്‍ യുഡിഎഫ് ശ്രമം തുടങ്ങിയതായാണ് വിവരം.

നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജെഡിയു അടക്കമുള്ള പാര്‍ട്ടികളെ തിരികെ വിളിച്ചിരുന്നു. മുന്നണി വിട്ട ചെറുപാര്‍ട്ടികള്‍ക്ക് തിരിച്ചുവരാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.