അജു വര്‍ഗീസിനെ ചോദ്യം ചെയ്തു; മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു

single-img
13 July 2017

കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയെന്ന കേസില്‍ നടന്‍ അജു വര്‍ഗീസിനെ പോലീസ് ചോദ്യം ചെയ്തു. രാവിലെ കളമശ്ശേരി സിഐ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് അജുവിനെ രണ്ട് മണിക്കൂറോളം പോലീസ് ചോദ്യം ചെയ്തത്. മൊഴി രേഖപ്പെടുത്തിയ ശേഷം അജുവിന്റെ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയശേഷം അറസ്റ്റ് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്ന് പോലീസ് പറഞ്ഞു. ഉച്ചയ്ക്ക് 11.30 മുതല്‍ രണ്ടു വരെയായിരുന്നു മൊഴിയെടുക്കല്‍.

സമൂഹമാധ്യമം വഴി നടിയുടെ പേരു വെളിപ്പെടുത്തിയതായി അജു സമ്മതിച്ചു. പേരു വെളിപ്പെടുത്താന്‍ പാടില്ലെന്ന കാര്യം അറിയില്ലായിരുന്നെന്നും അറിഞ്ഞയുടന്‍ പരസ്യമായി ഖേദം പ്രകിടിപ്പിച്ചിരുന്നുവെന്നും അജു മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, ഖേദപ്രകടനത്തിനു നിയമസാധുതയില്ലെന്നു പൊലീസ് പറഞ്ഞു. ചില കുറ്റകൃത്യങ്ങളില്‍ ഇരയുടെ പേര് വെളിപ്പെടുത്തുന്നതു തടയുന്ന ഐപിസി 228 എ പ്രകാരമാണു കേസ്.

പോലീസിനു മുന്‍പില്‍ കുറ്റം സമ്മതിച്ചെങ്കിലും ഇതിന് ആവശ്യമായ തെളിവ് ശേഖരിക്കാനാണ് പരിശോധനാ ഫലം വരുന്നതുവരെ കാത്തിരിക്കുന്നത്. ഇരയായ നടിയുടെ പേര് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയതിനെതിരെ കളമശേരി സ്വദേശിയാണ് പൊലീസില്‍ പരാതി നല്‍കിയത്. ചാനല്‍ ചര്‍ച്ചയില്‍ പേരു വെളിപ്പെടുത്തിയതിനെതിരെ തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമിക്കെതിരെയും കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു.