ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശം: സെന്‍കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു

single-img
12 July 2017

തിരുവനന്തപുരം: മുന്‍ പോലീസ് മേധാവി ടി.പി.സെന്‍കുമാറിനെതിരെ പോലീസ് അന്വേഷണത്തിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് എഡിജിപി അഗര്‍വാളിനാണ് അന്വേഷണ ചുമതല. സെന്‍കുമാര്‍ ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ന്യൂനപക്ഷവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് എട്ടോളം സംഘടനകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. സെന്‍കുമാറിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിനെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ചുമതലപ്പെടുത്തിയത്.

രണ്ടുസമുദായങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്ന പ്രവര്‍ത്തികള്‍ ഒരാളുടെ ഭാഗത്തുനിന്നുണ്ടായാല്‍ 153 എ പ്രകാരം കേസെടുക്കാന്‍ കഴിയുമെന്നും ഇതിനുള്ള സാഹചര്യം ഈ കേസില്‍ കാണാന്‍ കഴിയുന്നാതായുമാണ് ലഭിച്ച നിയമോപദേശം. ഇക്കാര്യമാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ പരിശോധിച്ചു വരുന്നത്. കേരളത്തില്‍ നൂറു കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42ഉം മുസ്ലീം കുട്ടികളാണെന്നായിരുന്നു സെന്‍കുമാര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. സംസ്ഥാനത്ത് മുസ്ലീങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്തരത്തില്‍ വര്‍ഗ്ഗീയ ചുവയുള്ള പ്രസ്താവന നടത്തിയതിന്റെ പേരില്‍ ശക്തമായ പ്രതിഷേധം പലഭാഗങ്ങളില്‍ നിന്നും സെന്‍കുമാറിനെതിരെ ഉയര്‍ന്നിരുന്നു.