സിപിഎം-ബിജെപി സംഘര്‍ഷം: പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ ബി.ജെ.പി ഹര്‍ത്താല്‍

single-img
12 July 2017

കണ്ണൂര്‍: പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികം. അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബിജെപി-ആര്‍എസ്എസ് ഓഫീസുകള്‍ക്ക് നേരെയും പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ഇന്നലെ നടന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.

പയ്യന്നൂരില്‍ കൊല്ലപ്പെട്ട സി.പി.എം നേതാവ് സി.വി. ധനരാജിന്റെ രക്തസാക്ഷിത്വ വാര്‍ഷികദിന പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്കു നേര്‍ക്കുണ്ടായ ബോംബേറില്‍ ആറു സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇതിനു പിന്നാലെ പയ്യന്നൂരിലെ ആര്‍എസ്എസ് മന്ദിരത്തിനും ബിജെപി ഓഫീസിനും നേരെ അക്രമമുണ്ടായി. ആര്‍.എസ്.എസ് കാര്യാലയമായ രാഷ്ട്രമന്ദിരത്തിന് ബോംബെറിഞ്ഞശേഷം തീയിട്ടു. ഉള്‍ഭാഗം പൂര്‍ണമായും കത്തി നശിച്ചു. മുറ്റത്തുണ്ടായിരുന്ന ബൈക്കും അഗ്‌നിക്കിരയാക്കി. ടെലിവിഷന്‍, സിസിടിവി ക്യാമറ, മോണിറ്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും ഫര്‍ണിച്ചറും അടിച്ചുതകര്‍ത്തതായും ആരോപണമുണ്ട്.

സമീപത്തെ ബിജെപി ഓഫീസും അടിച്ച് തകര്‍ത്തു. കോറോം പനക്കീലിലെ ബിജെപി പ്രവര്‍ത്തകന്‍ ഗോപാലകൃഷ്ണന്റെയും സിപിഎം കാരന്തോട് ബ്രാഞ്ച് സെക്രട്ടറി ജനാര്‍ദ്ദനന്റെയും വീടുകള്‍ക്ക് നേരെ അക്രമമുണ്ടായി. കോറോം നോര്‍ത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പനക്കീല്‍ ബാലകൃഷ്ണന്റെ വീടിനുനേരെയും ആക്രമണം നടന്നു.

രാജേഷിന്റെ മൂന്ന് വാഹനങ്ങള്‍ക്ക് തീയിട്ടു. ഒരു ട്രാവലര്‍ പൂര്‍ണമായും കത്തി. ഏച്ചിലാംവയലിലും വീടിനും തീയിട്ടു. ഇവിടെ തീയണക്കാനെത്തിയ പയ്യന്നൂരിലെയും പെരിങ്ങോത്തേയും അഗ്‌നിശമനസേനാ വാഹനങ്ങള്‍ നൂറോളം വരുന്ന സംഘം ഭീഷണിപ്പെടുത്തി തിരിച്ചയച്ചതായും അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ രാമചന്ദ്രന്റെ ഒന്നാം രക്തസാക്ഷി ദിനാചരണ പരിപാടികള്‍ ഇന്ന് നടക്കാനിരിക്കെ പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.